നിർണായക മത്സരത്തിന് തയ്യാറെടുത്ത് ഇക്വഡോറും സെനഗലും.!
ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകുകയാണ്. ഇക്വഡോറും സെനഗലും തമ്മിലുള്ള പോരാട്ടത്തോടെയാണ് മൂന്നാം റൗണ്ട് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുക. ഇന്ത്യൻ സമയം രാത്രി 8.30 ന് ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ചാകും ഈയൊരു മത്സരം അരങ്ങേറുക. നിലവിൽ 2 മത്സരങ്ങളിൽ നിന്നും 4 പോയിൻ്റുമായി ഇക്വഡോർ രണ്ടാം സ്ഥാനത്തും, 3 പോയിൻ്റുമായി സെനഗൽ മൂന്നാം സ്ഥാനത്തുമാണ്. ഇന്ന് വിജയിക്കുന്ന ടീമിന് പ്രീക്വാർട്ടറിൽ കടക്കുവാൻ കഴിയുമെന്നിരിക്കെ അതി വാശിയേറിയയൊരു പോരാട്ടത്തിനാകും ഖലീഫ ഇൻ്റർനാഷണൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക. മത്സരം സമനിലയാകുകയാണെങ്കിൽ പോലും ഇക്വഡോറിന് നോക്കൗട്ട് ഉറപ്പിക്കാൻ കഴിയും.

സെനഗലിനെ സമ്പന്ധിച്ച് മത്സരം വിജയിക്കുക മാത്രമായിരിക്കും ലക്ഷ്യം. മത്സരം സമനില ആയാൽ നെതർലൻഡ്സിനെ ഖത്തർ 2ഓ 3ഓ ഗോളുകൾക്ക് പരാജയപ്പെടുത്തേണ്ടി വരും സെനഗലിന് പ്രീക്വാർട്ടറിലേക്കുള്ള വാതിൽ തുറക്കാൻ. അതിന് സാധ്യതകൾ കുറവായത് കൊണ്ടുതന്നെ വിജയം മാത്രമായിരിക്കും കുളിബാലിയും സംഘവും ലക്ഷ്യമിടുക. 3 ഗോളുമായി ടോപ് സ്കോറർ ലിസ്റ്റിൽ ഒന്നാമതുള്ള എന്നർ വലൻസിയയിലാണ് ഇക്വഡോറിൻ്റെ പ്രതീക്ഷകൾ അത്രയും. ടീമിൽ മറ്റാരും തന്നെ ഇതുവരെയും ഗോളുകൾ നേടിയിട്ടില്ല. മറുവശത്ത് മാനെയുടെ അഭാവത്തിലും മികച്ച പ്രകടനം തന്നെയാണ് സെനഗൽ കാഴ്ചവെക്കുന്നത്. എന്തായാലും തുല്യശക്തികൾ തമ്മിൽ പോരടിക്കുന്ന മത്സരമായതിനാൽ മത്സരഫലം എന്താകുമെന്ന് പ്രവചിക്കുക പ്രയാസകരമാണ്.

2ആം റൗണ്ട് വരെയുള്ള മത്സരങ്ങളിൽ നിന്നും വ്യത്യസ്തമായി ഇനിയുള്ള മത്സരങ്ങളിൽ സമയക്രമത്തിൽ ചെറിയ മാറ്റങ്ങളുണ്ട്. മുമ്പ് വരെ 3.30, 6.30, 9.30, 12.30 എന്നിങ്ങനെ ആയിരുന്നു മത്സര സമയങ്ങൾ എങ്കിൽ മൂന്നാം റൗണ്ടിൽ 8.30 നും 12.30 നും ആകും മത്സരങ്ങൾ നടക്കുക.