ആദ്യ പകുതിയിൽ ബ്രസീലിനെ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡ്
ഫിഫ ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തിൽ ബ്രസീലിനെ ആദ്യ പകുതിയിൽ സമനിലയിൽ തളച്ച് സ്വിറ്റ്സർലൻഡ്. പരുക്കേറ്റു പുറത്തായ നെയ്മാറുടെ അഭാവം മുഴച്ചുനിൽക്കുന്ന കളിയാണ് ആദ്യ പകുതിയിൽ ബ്രസീലിന്റേത്. വേഗത കുറഞ്ഞ മുന്നേറ്റങ്ങൾ പലതും സമ്മര്‍ദങ്ങളില്ലാതെയാണ് സ്വിസ് താരങ്ങൾ പ്രതിരോധിച്ചത്.
മികവുറ്റ കളിക്കാരുമായി തുടര്‍ച്ചയായ രണ്ടാം വിജയത്തിനിറങ്ങിയ ബ്രസീലിനെ ആദ്യ പകുതിയില്‍ സമനിലയില്‍ തളക്കാനായത് സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയമാണ്. വിരസമായ ആദ്യ പകുതിയില്‍ അവസരങ്ങള്‍ ഇരുടീമുകള്‍ക്കും സൃഷ്ടിക്കാനുമായില്ല. മത്സരത്തിന്റെ തുടക്കം തൊട്ട് ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഗോള്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇരുടീമുകളും പാടുപെട്ടു.
12–ാം മിനിറ്റിൽ ബ്രസീലിനു ഗോൾ നേടാൻ ലഭിച്ച സുവർണാവസരവും പാഴാക്കി. പക്വെറ്റയിൽനിന്ന് ഫ്ലിക് പാസായി പന്തു ലഭിച്ച റിചാർലിസന് സ്വിസ് പോസ്റ്റിനു മുൻപിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ അവസരം ലഭിച്ചു. എന്നാൽ പന്ത് വിനീഷ്യസിനു കട് ബാക്ക് ചെയ്തു നൽകാനാണ് താരം ശ്രമിച്ചത്. എന്നാൽ ഈ ശ്രമം പരാജയപ്പെട്ടു.