ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ഘാന
ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ദക്ഷിണ കൊറിയയെ തകർത്ത് ഘാന. പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ഘാന വീഴ്ത്തിയത്. പന്തടക്കത്തിലും പാസിങ്ങിലും ഉൾപ്പെടെ ബഹുദൂരം മുന്നിലായിരുന്ന ദക്ഷിണ കൊറിയെ അവസരങ്ങൾ മുതലെടുക്കുന്നതിൽ പ്രകടമാക്കിയ മികവിലാണ് ഘാന വീഴ്ത്തിയത്.
ആദ്യ പകുതിയിൽ ഘാന രണ്ട് ഗോളടിച്ച് കരുത്തുകാട്ടി. രണ്ടാം പകുതിയിൽ ദക്ഷിണ കൊറിയ രണ്ടും മടക്കി തിരിച്ചടിച്ചു. പക്ഷേ, ഘാനയുടെ പോരാളികൾ തളർന്നില്ല. മിനിറ്റുകൾക്കുള്ളിൽ ഒന്നുകൂടി വലയിലാക്കി കളിയുടെ കടിഞ്ഞാണും ലീഡും തിരിച്ചുപിടിച്ചു. ഒടുവിൽ വിജയവും. ഘാനയുടെ മുഹമ്മദ് കുഡൂസും ദക്ഷിണ കൊറിയയുടെ ചോ ഗ്യു സങ്ങും ഇരട്ടഗോൾ കൊണ്ട് മിന്നി.
മത്സരത്തിന്റെ ഇൻജറി ടൈമിന്റെ അവസാന നിമിഷം ദക്ഷിണ കൊറിയയ്ക്കു ലഭിച്ച കോർണർ കിക്ക് എടുക്കും മുൻപേ റഫറി ഫൈനൽ വിസിൽ മുഴക്കിയത് വിവാദമായി. ഇതിനെതിരെ പ്രതികരിച്ച ദക്ഷിണ കൊറിയൻ പരിശീലകന് റഫറി ചുവപ്പുകാർഡ് നൽകി. ആദ്യ മത്സരത്തിൽ പോർച്ചുഗലിനോടു തോറ്റ ഘാനയ്ക്ക് ഈ വിജയത്തോടെ മൂന്നു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തിൽ യുറഗ്വായെ സമനിലയിൽ തളച്ചതിനു ലഭിച്ച ഒരു പോയിന്റാണ് ദക്ഷിണ കൊറിയയുടെ ഏക സമ്പാദ്യം. ഇനി ഡിസംബർ രണ്ടിന് നടക്കുന്ന മത്സരത്തിൽ ഘാന യുറഗ്വായേയും ദക്ഷിണ കൊറിയ പോർച്ചുഗലിനെയും നേരിടും.