Foot Ball qatar worldcup Top News

ബെൽജിയത്തിൻ്റെ സുവർണ തലമുറയ്ക്ക് എന്തുപറ്റി..?

November 28, 2022

author:

ബെൽജിയത്തിൻ്റെ സുവർണ തലമുറയ്ക്ക് എന്തുപറ്റി..?

ഈ ലോകകപ്പിലെ കിരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്ന ടീം ആയിരുന്നു ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ബെൽജിയം. കഴിഞ്ഞ ലോകകപ്പിൽ ഉൾപ്പെടെ മികച്ച പ്രകടനമാണ് റോബർട്ടോ മാർട്ടിനെസിൻ്റെ ശിഷ്യന്മാർ പുറത്തെടുത്തത്. എന്നാൽ ഇത്തവണ ഒരു മോശം തുടക്കമാണ് അവർക്ക് ലഭിച്ചിട്ടുള്ളത്. ഡിബ്രുയ്ൻ, ഹസാർഡ്, ലുക്കാകു, കോർട്ടുവാ, ടീലെമാൻസ്, വിറ്റ്സൽ, കരാസ്കോ, മെർട്ടൻസ്, വെർടോംഗൻ, ആൽഡർവിയറാൾഡ്, ബാറ്റ്ഷൂയി, മ്യുനിയർ, ട്രോസ്സാർഡ് തുടങ്ങി പ്രതിഭാ സമ്പന്നരായ ഒട്ടേറെ താരങ്ങൾ ഉണ്ടായിട്ടും ഗ്രൂപ്പ് ഘട്ടത്തിൽ അവർ പതറുന്ന കാഴ്ചയാണ് കാണുവാൻ കഴിയുന്നത്.

ആദ്യ മത്സരത്തിൽ കാനഡയ്ക്കെതിരെ കിതച്ചു ജയിച്ച ബെൽജിയം രണ്ടാം മത്സരത്തിൽ മൊറോക്കോയോട് എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്. വരുന്ന മത്സരത്തിൽ കരുത്തരായ ക്രൊയേഷ്യയേയാണ് മാർട്ടിനെസിനും സംഘത്തിനും ഇനി നേരിടേണ്ടത്. ഈയൊരു പ്രകടനമാണെങ്കിൽ വരുന്ന മത്സരം അവർക്ക് കടുപ്പമേറിയത് ആകുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഇത്രയേറെ കരുത്തുറ്റ ടീം ആയിരുന്നിട്ടും ബെൽജിയത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് അവരുടെ ആരാധകർക്ക് പോലും മനസിലാകുന്നുണ്ടാകില്ല. പല ഫുട്ബോൾ പണ്ഡിറ്റുകളും ഒട്ടേറെ തവണ വാഴ്ത്തി പാടിയിട്ടുള്ള കാര്യമാണ് ബെൽജിയത്തിൻ്റെ സുവർണ തലമുറയാണ് ഇപ്പോഴുള്ളതെന്ന്. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോൾ എന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം.

പ്രീമിയർ ലീഗിൽ മിന്നിത്തിളങ്ങി നിൽക്കുന്ന ഡിബ്രുയ്ന് പക്ഷേ തൻ്റെ പ്രതിഭയ്ക്കൊത്തുള്ള പ്രകടനം ലോകകപ്പിൽ ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ലുക്കാക്കുവിൻ്റെ പരിക്ക് മികച്ചൊരു സ്ട്രൈക്കറിൻ്റെ അഭാവം ടീമിൽ ഉണ്ടാക്കി. താരത്തിൻ്റെ പരിക്ക് മാറിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താൻ സമയമെടുത്താൽ ബെൽജിയത്തിന് അത് തിരിച്ചടിയാകും. ഹസാർഡിൻ്റെ ഫോം.. പരിക്ക് മൂലം ഒരുപാട് മത്സരങ്ങൾ നഷ്ടപ്പെട്ടതും, മുന്നേറ്റ നിരയിലെ പ്രതിഭാ ധാരാളിത്തം മൂലം റയലിൽ പലപ്പോഴും ബെഞ്ചിൽ മാത്രം ഒതുങ്ങേണ്ടി വരുന്നതും താരത്തിൻ്റെ കളിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇതുമൂലം പഴയ ഹസാർഡിനെ ടീമിന് നഷ്ടപ്പെട്ടെന്ന് തന്നെ പറയാം. പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ട്രോസ്സാർഡ്. എന്നാൽ പരിശീലകൻ റോബർട്ടോ മാർട്ടിനെസ് താരത്തെ ഇതുവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിട്ടില്ല. എതിർ ടീമിൻ്റെ വേഗത്തിലുള്ള ആക്രമണങ്ങളിൽ ബെൽജിയൻ പ്രതിരോധനിര പതറുന്നതും അവർക്ക് തിരിച്ചടിയാകുന്നു. ഇതുപോലെ ഒട്ടേറെ പോരായ്മകൾക്ക് റോബർട്ടോ മാർട്ടിനെസും സംഘവും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

എങ്കിൽ മാത്രമേ ഇനി മുമ്പോട്ട് ഉള്ള യാത്ര സുഗമമാകുകയുള്ളു. വരുന്ന മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഒരു ഡൂ ഓർ ഡൈ മാച്ചിനായി ബെൽജിയൻ പട തയ്യാറെടുക്കുമ്പോൾ ഇതുപോലെയുള്ള ചോദ്യങ്ങൾക്ക് കൂടിയുള്ള ഉത്തരം അവർ ആ മത്സരത്തിൽ നൽകേണ്ടതുണ്ട്. നിലവിലെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്തുകൊണ്ട് അവർ പൂർവാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് തന്നെയാണ് ഓരോ ആരാധകരും പ്രതീക്ഷിക്കുന്നത്.

എന്തായാലും ആ ഒരു പ്രതീക്ഷ വെച്ചുപുലർത്തിക്കൊണ്ട് തന്നെ ബെൽജിയത്തിൻ്റെ സുവർണ തലമുറയ്ക്ക് ലോകകപ്പ് എന്ന കനകകിരീടത്തിൽ മുത്തമിടാൻ കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.

Leave a comment