ഏഷ്യാ കപ്പിനായി എത്തിയില്ലെങ്കിൽ ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് റമീസ് രാജ
ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയര്മാന് റമീസ് രാജ. 2023 ഏഷ്യാ കപ്പിനായി ഇന്ത്യന്‍ ടീം പാകിസ്ഥാനിലേക്ക് യാത്ര ചെയ്യില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെ ആരംഭിച്ച ഇന്ത്യ-പാക് ക്രിക്കറ്റ് വാക്വാദം ചൂടുപിടിപ്പിക്കുന്നതാണ് റമീസ് രാജയുടെ വാക്കുകള്‍. അടുത്ത വര്‍ഷം(2023) ഇന്ത്യ വേദിയാവേണ്ട ഏകദിന ലോകകപ്പില്‍ പാകിസ്ഥാന് കളിക്കുന്നില്ലെങ്കില്‍ ആരാണ് മത്സരം കാണാനുണ്ടാവുക. ഞങ്ങള്‍ക്ക് കൃത്യമായ നിലപാടുണ്ട്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയാല്‍ ഞങ്ങള്‍ ലോകകപ്പിനായി ഇന്ത്യയിലേക്ക് വരും. ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെങ്കില്‍ ഞങ്ങളില്ലാതെ ലോകകപ്പ് കളിക്കേണ്ടിവരും’ എന്നും റമീസ് രാജ വ്യക്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്ത്യയോട് ആരും ഭീഷണി സ്വരത്തില്‍ സംസാരിക്കേണ്ടെന്നും പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള എല്ലാ ടീമുകളും അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കുമെന്നും ഇന്ത്യന്‍ കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ നേരത്തെ തുറന്നടിച്ചിരുന്നു.






































