ന്യൂസീലാൻഡിന് മുന്നിൽ 307 റൺസ് വിജയലക്ഷ്യം മുമ്പോട്ട് വെച്ച് ഇന്ത്യ.!
ന്യൂസീലാൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയ്ക്ക് മികച്ച സ്കോർ. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ശുബ്മാൻ ഗിൽ എന്നിവരുടെ പിൻബലത്തിലാണ് ഇന്ത്യ 306 എന്ന മികച്ച സ്കോർ കെട്ടിപ്പടുത്തത്. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ ധവാനും ഗില്ലും ചേർന്ന് 124 റൺസ് കൂട്ടിച്ചേർത്തു. ധവാൻ 72 (77) റൺസും, ഗിൽ 50 (65) റൺസും നേടി മടങ്ങി. പിന്നീട് വന്ന ശ്രേയസ് അയ്യർ മികച്ച ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ പന്ത് 15(23), സൂര്യ 4(3) എന്നിവർ അധികം സംഭാവന നൽകാതെ മടങ്ങിയത് ആരാധകർക്ക് നിരാശയായി. അതോടെ ഇന്ത്യ 160 ന് 4 എന്ന നിലയിലായി. ശേഷം ക്രീസിൽ എത്തിയ സഞ്ജു സാംസൺ അയ്യരിന് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ ഇന്നിംഗ്സിന് വീണ്ടും ജീവൻ വെച്ചു. തുടർന്ന് റൺസ് 254ൽ നിൽക്കെ 36(38) റൺസുമായി നിന്ന സഞ്ജുവും മടങ്ങി. അപ്പോഴും ഒരറ്റത്ത് അർദ്ധ സെഞ്ച്വറിയുമായി അയ്യർ ഉറച്ചു നിന്നു. തുടർന്ന് ക്രീസിൽ എത്തിയ വാഷിംഗ്ടൺ സുന്ദർ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്നിഗ്സിന് വേഗം കൂട്ടി. 16 പന്തുകളിൽ നിന്നും 3 സിക്‌സിൻ്റെയും ഫോറിൻ്റെയും അകമ്പടിയോടെ 37 റൺസ് നേടിയ സുന്ദർ പുറത്താകാതെ നിന്നു.
76 പന്തിൽ 4 സിക്സും ഫോറും സഹിതം 80 റൺസ് നേടിയ അയ്യർ സ്കോർ 300 എത്തിനിൽക്കെ അവസാന ഓവറിൽ പുറത്തായി. ഒടുവിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 306 എന്ന ഭേദപ്പെട്ട സ്കോറിലേക്ക് എത്തുകയായിരുന്നു. ധവാനും, ഗില്ലും ചേർന്ന് നൽകിയ തുടക്കവും മധ്യനിരയിലെ അയ്യർ-സഞ്ജു കൂട്ടുകെട്ടും ഒപ്പം അവസാന ഓവറുകളിലെ സുന്ദറിൻ്റെ വെടിക്കെട്ടുമാണ് ഇന്ത്യയെ ഈയൊരു സ്കോറിലേക്ക് എത്തിച്ചത്. ന്യൂസീലൻഡിനായി ഫെർഗൂസൻ, സൗതീ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ശേഷിച്ച ഒരു വിക്കറ്റ് ആദം മിൽനെ സ്വന്തമാക്കി. എന്തായാലും ന്യൂസീലൻഡിൻ്റെ മറുപടി ബാറ്റിംഗിനായി നമുക്ക് കാത്തിരിക്കാം.