ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കരാറിൽ നിന്നും മാർട്ടിൻ ഗപ്റ്റിലും പുറത്ത്
ന്യൂസിലൻഡ് ക്രിക്കറ്റിന്റെ സെൻട്രൽ കരാർ ഒഴിവാക്കിയ ഏറ്റവും പുതിയ കിവി ക്രിക്കറ്റ് താരമായി വെറ്ററൻ ഓപ്പണിംഗ് ബാറ്റർ മാർട്ടിൻ ഗപ്റ്റിൽ. അടുത്തിടെ അവസാനിച്ച ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയതിന് പിന്നാലെയാണ് തീരുമാനം. ട്രെന്റ് ബോൾട്ടിന്റെയും കോളിൻ ഡി ഗ്രാൻഡ്ഹോമിന്റെയും ചുവടുപിടിച്ചാണ് ക്രിക്കറ്റ് ബോർഡ് പുതിയ തീരുമാനത്തിലെത്തിയത്.
കഴിഞ്ഞ ദശകത്തിൽ പരിമിത ഓവർ ഫോർമാറ്റിൽ ബ്ലാക്ക്ക്യാപ്സിന്റെ സുപ്രധാന താരങ്ങളിലൊരാളാണ് മാർട്ടിൻ ഗപ്റ്റിൽ. കൂടാതെ ടി20യിൽ ന്യൂസിലൻഡിന്റെ ഏറ്റവും ഉയർന്ന റൺസ് സ്കോറർ കൂടിയാണ് താരം. എന്നിരുന്നാലും, യുവതാരം ഫിൻ അലന്റെ ആവിർഭാവമാണ് ഫോമില്ലാതെ വലഞ്ഞ വെറ്ററൻ ഓപ്പണറെ സൈഡ്ലൈനിലേക്ക് മാറ്റിനിർത്തിയത്. സെൻട്രൽ കരാറിൽ നിന്ന് ഗപ്റ്റിൽ മോചിതനായെങ്കിലും, ന്യൂസിലൻഡിനായി ഇനിയും ടീമിൽ ഇടംകണ്ടത്തിയേക്കും. ബിബിഎല്ലിന്റെ അടുത്ത എഡിഷനിൽ ഗുപ്റ്റിലിനെ ഏതെങ്കിലും ടീം സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ട്.






































