ബിഗ് ബാഷ് ലീഗിലേക്ക് ഇംഗ്ലണ്ട് താരം സാക്ക് ക്രാളിയും, ഹോബാർട്ട് ഹറികെയ്ൻസുമായി കരാർ ഒപ്പുവെച്ച് താരം
ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) 2022-23 സീസണിന് മുന്നോടിയായി ഹോബാർട്ട് ഹറികെയ്ൻസിൽ ചേർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ഓപ്പണർ സാക്ക് ക്രാളി. പാകിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ജനുവരി മാസത്തിൽ ക്രാളി ടീമിന് ഒപ്പം ചേരും. അന്താരാഷ്ട്ര മത്സരങ്ങൾ കാരണം കുറച്ച് മത്സരങ്ങൾ നഷ്ടപ്പെടുന്ന പാകിസ്ഥാൻ ഓൾറൗണ്ടർ ഷദാബ് ഖാന് പകരക്കാരനായാണ് ഹോബാർട്ട് ഹറികെയ്ൻസ് ക്രാളിയെ തെരഞ്ഞെടുത്തിരിക്കുന്നത്.
ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്റെ അഭിവാജ്യ ഘടകമായ ക്രാളി ആദ്യമായാണ് വിദേശ ടി20 മത്സരത്തിൽ പങ്കെടുക്കാനായി എത്തുന്നത്. എന്നാൽ ഓസ്ട്രേലിയയിലെ താരത്തിന്റെ മികച്ച റെക്കോർഡ് കണക്കിലെടുക്കുമ്പോൾ ടീമിന് അതൊരു ആത്മവിശ്വാസമാണ്. കഴിഞ്ഞ തവണ ഓസ്ട്രേലിയയിൽ നടന്ന ആഷസ് പരമ്പര സമയത്ത് സിഡ്നി ടെസ്റ്റിന് ശേഷം ക്രാളിയെ പ്രശംസിച്ച് റിക്കി പോണ്ടിംഗ് ഉൾപ്പെടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങളും രംഗത്തെത്തിയിരുന്നു.
ടി20യിൽ തകർപ്പൻ റെക്കോർഡുള്ള ക്രാളിക്ക് ഏറ്റവും കുറഞ്ഞ ഫോർമാറ്റിൽ കഴിവ് തെളിയിക്കാനും ഇംഗ്ലണ്ട് ടി20 ടീമിലേക്ക് കടക്കാനും ഈ അവസരം ഉപയോഗിക്കാം. ഇതുവരെ 47 ടി20 മത്സരങ്ങളിൽ നിന്ന് 145.08 സ്ട്രൈക്ക് റേറ്റിൽ 1284 റൺസാണ് ക്രാളി നേടിയത്.