അടിമുടി മാറ്റത്തിനൊരുങ്ങി വെസ്റ്റ് ഇൻഡീസ്, പുതിയ ക്യാപ്റ്റനായി റോവ്‌മാൻ പവൽ എത്തിയേക്കും
ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലെ തോൽവിക്ക് ശേഷം ടീമിൽ അടിമുടി മാറ്റത്തിനൊരുങ്ങി വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം. നിക്കോളസ് പുരാന് പകരം ടീമിന്റെ വൈറ്റ്-ബോൾ ഫോർമാറ്റിലേക്ക് മിഡിൽ ഓർഡർ ബാറ്റർ റോവ്‌മാൻ പവലിനെ പുതിയ നായകനായി നിയമിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ഗ്രൂപ്പ് ഘട്ടത്തിൽ സ്‌കോട്ട്‌ലൻഡിനോടും അയർലൻഡിനോടും ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം അടുത്തിടെ സമാപിച്ച ടി20 ലോകകപ്പിന്റെ സൂപ്പർ 12 ഘട്ടത്തിലെത്താൻ കരീബിയൻ ടീമിന് കഴിഞ്ഞിരുന്നില്ല. ഈ വർഷം ആദ്യം വൈറ്റ് ബോൾ ക്യാപ്റ്റനായി നിയമിതനായതു മുതൽ വിൻഡീസിനായി മോശം റെക്കോർഡാണ് ക്യാപ്റ്റൻ എന്ന നിലയിൽ പുരാനുള്ളത്. ഐസിസി ടൂർണമെന്റിൽ നിനുംന് നാണംകെട്ട് പുറത്തായതിന് പിന്നാലെ വെസ്റ്റ് ഇൻഡീസ് ഹെഡ് കോച്ച് ഫിൽ സിമ്മൺസും തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചു.
ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് (CWI) പുരാന്റെ ക്യാപ്റ്റൻസിയിൽ തൃപ്തരല്ലെന്നും മധ്യനിരയിലെ താരത്തിന്റെ പിൻഗാമിയായി പവലിനെ കാണുന്നുവെന്നും റിപ്പോർട്ടുണ്ട്. ബോർഡ് സാധ്യതയുള്ള ഹെഡ് കോച്ച് സ്ഥാനാർഥികളെയും പരിഗണിച്ച് വരികയാണ്. വരും ദിവസങ്ങളിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.