ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍. രണ്ട് പുതുമുഖ താരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാകിസ്ഥാന്റെ 18 അംഗ സ്‌ക്വാഡ്. ലെഗ് സ്പിന്നര്‍ അബ്രാര്‍ അഹമ്മദ്, ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് അലി എന്നിവര്‍ക്കാണ് ടീമിലിടം ലഭിച്ചത്. ഫവാദ് ആലം, യാസിര്‍ ഷാ, ഹാസന്‍ അലി എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി.
കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ടീമിന്റെ ഭാഗമായിരുന്നു മൂവരും. ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഷഹീന്‍ അഫ്രീദിയെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ഡിസംബര്‍ ഒന്നിന് റാവല്‍പിണ്ടിയില്‍ നടക്കും. ഡിസംബര്‍ ഒമ്പതിന് മുള്‍ട്ടാനിലാണ് രണ്ടാം ടെസ്റ്റ്. മൂന്നാം ടെസ്റ്റ് ഡിസംബര്‍ 17ന് കറാച്ചിയില്‍ നടക്കും.
17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് പാകിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനൊരുങ്ങുന്നത് എന്നതും പരമ്പരയെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. നിലവില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം അബുദാബിയില്‍ പരിശീലനത്തിലാണ്. ഇംഗ്ലണ്ട് ലയണ്‍സുമായി ത്രിദിന സന്നാഹ മത്സരം കളിക്കും. നവംബര്‍ 23 മുതല്‍ 25 വരെയാണ് മത്സരം. 27ന് ടീം ഇസ്ലാമാബാദിലെത്തും.
ടീം: ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, ഇമാം ഉല്‍ ഹഖ്, അബ്ദുള്ള ഷെഫീഖ്, അസര്‍ അലി, അബ്രാര്‍ അഹമ്മദ്, മുഹമ്മദ് അലി, ഷാന്‍ മസൂദ്, ഫഹീം അഷ്‌റഫ്, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ്, നൗമാന്‍ അലി, സൗദ് ഷക്കീല്‍, സാഹിദ് മഹ്മൂദ്, മുഹമ്മദ് വസിം, നസീം ഷാ, സല്‍മാന്‍ അലി അഗ, സര്‍ഫറാസ് അഹമ്മദ്.