ക്യാപ്റ്റന്‍സി നിഷേധത്തിനെതിരെ പൊട്ടിത്തെറിച്ച് ഓസീസ് താരം വാര്‍ണര്‍
പന്തു ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ നായകസ്ഥാനത്തേക്ക് ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നടപടിക്കെതിരെ പൊട്ടിത്തെറിച്ച് ഡേവിഡ് വാര്‍ണര്‍. താന്‍ ഒരു ക്രിമിനലല്ലെന്നും ക്യാപ്റ്റന്‍സി നല്‍കില്ലെന്ന നിലപാട് മാറ്റാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയാറാവണമെന്നും വാര്‍ണര്‍ പറഞ്ഞു.
2018-ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് വാര്‍ണറെ ഒരുവര്‍ഷത്തേക്ക് വിലക്കുകയും ക്യാപ്റ്റന്‍ സ്ഥാനത്ത് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 2018ല്‍ തന്നെ വിലക്കാന്‍ തീരുമാനിച്ച നാലു ദിവസത്തേക്കാള്‍ പീഡനമാണ് ഇത്രയും കാലം താന്‍ അനുഭവിച്ചതെന്ന് വാര്‍ണര്‍ പറഞ്ഞു.
ഇത് തീര്‍ത്തും നിരാശാജനകമാണ്. 2018-ല്‍ നാലു ദിവസം കൊണ്ടാണ് അവര്‍ എന്നെ വിലക്കിയത്. പിന്നീട് ഒമ്പത് മാസം വിലക്കി. എന്റെ സത്യസന്ധതയും ആത്മാര്‍ത്ഥതയും തെളിയിക്കാനുള്ള സ്ഥാനം ലഭിക്കുക എന്നത് എല്ലായ്പ്പോഴും സന്തോഷം നല്കുന്ന കാര്യമാണെന്ന് പറഞ്ഞ താരം ഇത്രയും കാലം വലിയ മാനസിക പീഡനത്തിലൂടെയാണ് താനും തന്റെ കുടുംബവും തനിക്കൊപ്പം കുറ്റം ചാര്‍ത്തപ്പെട്ടവരും കടന്നുവന്നതെന്നും കൂട്ടിച്ചേർത്തു.






































