അർജൻ്റൈൻ താരം ഗർനാച്ചോയുടെ കരാർ പുതുക്കാനുള്ള നീക്കവുമായി യുണൈറ്റഡ്.!
പ്രീമിയർ ലീഗിൽ തങ്ങളുടെ പ്രതിഭയ്ക്കൊത്ത് ഉയരുവാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിക്കുന്നില്ലെങ്കിലും അർജൻ്റൈൻ യുവതാരം അലെജാൻഡ്രോ ഗർനാച്ചോയുടെ പ്രകടനത്തിൽ അവർക്ക് സംതൃപ്തിയുണ്ട്. യുണൈറ്റഡിനായി ഈ സീസണിൽ 8 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരം 2 ഗോളുകളും 2 അസിസ്റ്റുകളും ഇതിനോടകംതന്നെ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭാവിയിൽ യുണൈറ്റഡിനായി മികച്ച സംഭാവനകൾ നൽകുവാൻ കഴിയുന്ന താരമാണ് ഗർനാച്ചോ എന്ന് ക്ലബിന് ബോധിച്ചു കഴിഞ്ഞു. കേവലം 18 വയസ് മാത്രമാണ് താരത്തിൻ്റെ പ്രായം. അതിനാൽ താരവുമായി ഒരു പുതിയ കരാറിൽ ഒപ്പ് വെക്കാൻ യുണൈറ്റഡ് മാനേജ്മെൻ്റ് തീരുമാനിച്ചിരിക്കുകയാണ്. നിലവിൽ 2025 വരെ താരത്തിന് കരാർ ഉണ്ടെങ്കിൽ പോലും ഒരു ദീർഘകാല കരാറിലൂടെ താരത്തെ ക്ലബിൽ നിലനിർത്താനാണ് യുണൈറ്റഡ് പദ്ധതിയിടുന്നത്.