ഇന്ത്യക്കെതിരെ ടി20യിൽ ഹാട്രിക്, റെക്കോർഡിട്ട് ടിം സൗത്തി
ഇന്ത്യക്കെതിരായ ടി20യിൽ ചരിത്രനേട്ടവുമായി ന്യൂസിലൻഡ് പേസർ ടിം സൗത്തി. ഇന്ത്യന്‍ ഇന്നിംഗ്സിലെ അവസാന ഓവറില്‍ ഹാട്രിക്ക് നേടിയ സൗത്തി ടി20 ക്രിക്കറ്റില്‍ ശ്രീലങ്കയുടെ ലസിത് മലിംഗക്കുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ പേസ് ബോളറായി മാറി. 19 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 186ല്‍ എത്തിയിരുന്നു. സെഞ്ചുറിയുമായി സൂര്യകുമാര്‍ യാദവും ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍. അവസാന ഓവറില്‍ 14 റണ്‍സ് കൂടി ചേര്‍ത്ത് ഇരുവരും ഇന്ത്യയെ 200 കടത്തുമെന്നാണ് പ്രതീക്ഷിച്ചത്.
എന്നാല്‍ സൗത്തി എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തില്‍ രണ്ട് റണ്‍സ് വീതം ഓടിയെടുക്കാനെ ഹാര്‍ദ്ദിക്കിന് കഴിഞ്ഞുള്ളു. മൂന്നാം പന്തില്‍ ഹാര്‍ദ്ദിക്ക് ജിമ്മി നീഷാമിന് ക്യാച്ച് നല്കി മടങ്ങി. നാലാം പന്തില്‍ ദീപക് ഹൂഡ ലോക്കി ഫോര്ഗൂസന് ക്യാച്ച് നല്കി മടങ്ങി. അഞ്ചാം പന്തില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ വീണ്ടും നീഷാമിന് ക്യാച്ച് നല്‍കിയതോടെ സൗത്തി ഹാട്രിക്ക് പൂര്‍ത്തിയാക്കി.
2010-11ല്‍ പാക്കിസ്ഥാനെതിരെ ആണ് സൗത്തി ട20 ക്രിക്കറ്രിലെ ആദ്യ ഹാട്രിക് നേടിയത്. ടി20 ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ബൗളറുമായിരുന്നു സൗത്തി. പിന്നീട് 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗത്തിയുടെ രണ്ടാം ഹാട്രിക് പിറന്നത്. 2016ല്‍ ബംഗ്ലാദേശിനെതിരെയും 2019ല്‍ ന്യൂസിലന്‍ഡിനെതിരെയുമാണ് ലസിത് മലിംഗ രണ്ട് തവണ ഹാട്രിക് നേടിയത്. ടി20 ക്രിക്കറ്റില്‍ 105 മത്സരങ്ങളില്‍ 132 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള സൗത്തി ടി20 യില്‍ ഏറ്റവും കൂടതല്‍ വിക്കറ്റെടുത്ത ബൗളറുമാണ്.






































