കാമറൂൺ ഗ്രീനിന് പരിക്ക്, ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ നിന്നും ഒഴിവാക്കി
ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ഇംഗ്ലണ്ടിനെതിരായ ഓസ്ട്രേലിയയുടെ നിലവിലുള്ള ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കി. പരിക്കേറ്റതിനാലാണ് താരത്തിന് ടീമിൽ നിന്നും ഒഴിവാക്കുന്നതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി. ഗ്രീനിന് പകരം സിഡ്നിയിൽ ത്രീ ലയൺസിനെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവനിൽ മിച്ചൽ മാർഷാണ് ഇടംനേടിയത്.
ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഗോൾഫ് കളിക്കുന്നതിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പർ ബാറ്റർ ജോഷ് ഇംഗ്ലിസും പുറത്തായിരുന്നു. ഇതിനെ തുടർന്നാണ് ഗ്രീനിനെ ടീമിൽ ഉൾപ്പെടുത്തുന്നത്. ഓൾറൗണ്ടറുടെ പരിക്ക് വലിയ കാര്യമായി കണക്കാക്കുന്നില്ല, വരാനിരിക്കുന്ന മത്സരങ്ങൾക്കായി ക്രിക്കറ്റ് ഓസ്ട്രേലിയ മുൻകരുതൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം നവംബർ 30 ന് പെർത്ത് സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടക്കുന്ന ഓസ്ട്രേലിയയുടെ ആദ്യ ടെസ്റ്റിൽ കാമറൂൺ ഗ്രീൻ ഇടംപിടിക്കാൻ സാധ്യതയുണ്ട്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഗ്രീൻ ആകെ ഏഴ് ഓവറുകൾ എറിഞ്ഞ് പുറത്താകാതെ 20 റൺസ് നേടി ഓസ്ട്രേലിയയെ വിജയത്തിലെത്തിച്ചു. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പിൽ, യുവതാരം ഒരു മത്സരം മാത്രമാണ് കളിച്ചത്, അത് അഫ്ഗാനിസ്ഥാനെതിരെയായിരുന്നു.






































