രണ്ടാം ഏകദിനത്തിലും മിന്നും ജയം, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 72 റണ്‍സിന് ജയിച്ചതോടെയാണ് ഓസീസ് പരമ്പര നേടിയത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് സ്റ്റീവന്‍ സ്മിത്തിന്റെ (94) കരുത്തില്‍ 280 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 38.5 ഓവറില്‍ 208 റൺസിന് ഓൾഔട്ടാവുകയായിരുന്നു.
നാല് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാമ്പ എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 71 റണ്‍സ് നേടിയ സാം ബില്ലിംഗ്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. കൈയെത്തിപിടിക്കാനാവുമായിരുന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം വളരെ മോശമായിരുന്നു. 5.1 ഓവറില്‍ സന്ദർശകർ 34-3 എന്ന നിലയിലേക്ക് വീണു. ആദ്യ ഓവറില്‍ തന്നെ സ്റ്റാര്‍ക്ക് ജേസണ്‍ റോയ് (0), ഡേവിഡ് മലാന് (0) എന്നിവർ പുറത്തായതോടെ ടീം സമ്മർദത്തിലായി.
എന്നാൽ ഫിലിപ് സാള്‍ട്ട് (23) പിടിച്ചുനിൽക്കാൻ ശ്രമിച്ചുവെങ്കിലും ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ ബൗള്‍ഡായി. പിന്നീട് ജെയിംസ് വിന്‍സെ (60) ബില്ലിംഗ്സ് സഖ്യമാണ് ഇംഗ്ലണ്ടിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ വിന്‍സെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക്ത്രൂ നൽകി. പിന്നാലെ മൊയീന്‍ അലി (10), ബില്ലിംഗ്സ് എന്നിവര്‍ വലിയ ഇടവേളകളില്ലാതെ മടങ്ങിയതോടെ ഇംഗ്ലണ്ട് പരാജയം സമ്മതിച്ചു. ക്രിസ് വോക്സ് (7), സാം കറന് (0), ലിയാം ഡേവ്സണ്‍ (20), ഡേവിഡ് വില്ലി (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദില്‍ റഷീദ് (3) പുറത്താവാതെ നിന്നു.






































