പൂജാരയെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമാക്കാൻ ബിസിസിഐ
മാച്ച് ഫിറ്റ്നസ് നേടുന്നതിനായി ചേതേശ്വര് പൂജാര വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിന്റെ ഭാഗമാക്കിയേക്കും. വെറ്ററൻ ബാറ്റർ ഇന്ത്യയുടെ റെഡ്-ബോൾ ടീമിന്റെ പ്രധാന ഭാഗമാണെങ്കിലും പോയ സീസണിലെ മോശം പ്രകടനം കാരണം താരം ഏറെ വിമർശനങ്ങൾ കേട്ടിരുന്നു. ഈ വർഷം ഒക്ടോബർ ആദ്യം സൗരാഷ്ട്രയുടെ ഇറാനി കപ്പിൽ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കെതിരായ തോൽവിക്ക് ശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റൊന്നും പൂജാര കളിച്ചിട്ടില്ല.
ഒക്ടോബറിൽ പ്രഖ്യാപിച്ച ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യയുടെ 16 അംഗ ടെസ്റ്റ് ടീമിന്റെ ഭാഗമാണ് പൂജാര. ഡിസംബർ നാലിന് ആരംഭിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിൽ ഇന്ത്യ മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളുമാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റ് ഡിസംബർ 14 ന് ചാട്ടോഗ്രാമിൽ നടക്കും. അതിനാൽ പൂജാരയ്ക്ക് മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാൻ ഏകദേശം ഒരു മാസം സമയവും ലഭിക്കും.
പുതിയ റിപ്പോർട്ട് അനുസരിച്ച് ബിസിസിഐ ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ താരത്തെ ഉൾപ്പെടുത്താൻ നീക്കങ്ങളാരംഭിച്ചിട്ടുണ്ട്. പര്യടനത്തിനുള്ള എ ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രണ്ട് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ പൂജാര നയിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യ എ സ്ക്വാഡ് നവംബർ 20 ന് ബംഗ്ലാദേശിലേക്ക് പുറപ്പെടും, അതിനാൽ മാനേജ്മെന്റ് വെള്ളിയാഴ്ച (നവംബർ 18) ടീമിനെ പ്രഖ്യാപിച്ചേക്കും.






































