വാങ്കഡെയിൽ പാക്കിസ്ഥാൻ കപ്പുയർത്തണമെന്ന് അക്തർ
ട്വന്റി20 ലോകകപ്പ് ഫൈനലിൽ പൊരുതി തോറ്റ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിന്തുണയുമായി മുൻ താരം ശുഐബ് അക്തർ രംഗത്ത്. ഇന്ത്യയിൽ അടുത്ത വർഷം നടക്കുന്ന ഏകദിന ലോകകപ്പിൽ വിജയിക്കാന്‍ പാകിസ്ഥാന് അവസരമുണ്ടെന്ന് അക്തർ പറഞ്ഞു.
താൻ പാകിസ്ഥാൻ ടീമിനൊപ്പമാണ്. ഷഹീൻ അഫ്രീദിയുടെ പരിക്കാണു കളിയുടെ ഗതി മാറ്റിയതെന്നും. അവസാന ഓവർ വരെ മത്സരമെത്തണമെന്ന് തനിക്കുണ്ടായിരുന്നു. തോല്‍വി ദൗർഭാഗ്യകരമാണ്. എങ്കിലും അത് കാര്യമാക്കുന്നില്ലെന്ന് അക്തർ യൂട്യൂബ് വിഡിയോയില്‍ പറഞ്ഞു. ഫൈനലിൽ പാകിസ്ഥാൻ നടത്തിയ പോരാട്ടമാണ് തന്നെ സന്തോഷിപ്പിക്കുന്നത്. സെമിയിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ലൈനപ്പിനെ പ്രതിരോധിക്കാൻ ഇന്ത്യൻ ബോളർമാർക്കു സാധിച്ചില്ല. ഒരു വിക്കറ്റുപോലും അവർ വീഴ്ത്തിയില്ല. എന്നാൽ ഫൈനലിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ ശരിക്കും സമ്മർദത്തിലാഴ്ത്തിയെന്നും അക്തർ കൂട്ടിച്ചേർത്തു.
അടുത്ത വർഷം ഇന്ത്യയില്‍ ഒരു ലോകകപ്പ് കൂടി നടക്കുന്നുണ്ട്. നിങ്ങൾക്ക് ഹീറോയാകണമെങ്കിൽ ഇന്ത്യയില്‍ വാങ്കഡെ സ്റ്റേഡിയത്തിൽ പോയി കപ്പുയർത്തുക, അതു പാക്കിസ്ഥാനിലേക്കു കൊണ്ടുവരിക. അതാണു നിങ്ങൾക്കു മുന്നിലെ വെല്ലുവിളി. ഇന്ത്യയിലെ ഏകദിന ലോകകപ്പ് നമ്മുടേതാകണമെന്നും വീഡിയോയിലൂടെ അക്തർ അഭിപ്രായപ്പെട്ടു.