പരിക്ക് തിരിച്ചടിയായി, ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ട്, ന്യൂസിലൻഡ് പരമ്പരകൾ നഷ്ടമായേക്കും
ടി20 ലോകകപ്പ് ഫൈനലിൽ കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ഷഹീൻ അഫ്രീദിക്ക് ഇംഗ്ലണ്ട്, ന്യൂസിലൻഡ് ഹോം പരമ്പരകൾ നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്. ജൂലൈയിൽ ഗാലെയിൽ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ പിൻവാങ്ങിയ താരം ലോകകപ്പ് ടൂർണമെന്റിലാണ് പിന്നീട് തിരികെയെത്തുന്നത്.
എന്നിരുന്നാലും ടി20 ലോകകപ്പിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും പന്ത് ഉപയോഗിച്ച് മികവ് കാട്ടാൻ പേസറിന് സാധിച്ചിരുന്നില്ലെങ്കിലും പിന്നീടുള്ള മത്സരങ്ങളിൽ താരം മികച്ചു നിന്നതാണ് പാകിസ്ഥാന്റെ ഫൈനൽ പ്രവേശനത്തിന് മാറ്റേകിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിനെ പുറത്താക്കിയ ക്യാച്ച് പിടിക്കുമ്പോഴാണ് അഫ്രീദിക്ക് പരിക്കേൽക്കുന്നത്.
വലതു കാൽമുട്ടിനേറ്റ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ താരത്തിന് പകരക്കാരനായി പാകിസ്ഥാൻ സ്പീഡ്സ്റ്റർ ഹാരിസ് റൗഫ് ടീമിനായി റെഡ്-ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഫ്രീദിയുടെ പരിക്ക് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.