ട്വന്റി 20 ലോകകപ്പിലെ തോല്‍വിക്ക് പിന്നിലെ യഥാർഥ കാരണം കളിക്കാരല്ലെന്ന് സമി
ട്വന്റി 20 ലോകകപ്പിലെ തോല്‍വിക്ക് പിന്നിലെ യഥാർഥ കാരണം കളിക്കാരല്ലെന്ന അഭിപ്രായവുമായി വെസ്റ്റ് ഇന്‍ഡീസിന് രണ്ട് ലോകകപ്പ് നേടിക്കൊടുത്ത നായകൻ ഡാരന്‍ സമി. ഇന്ത്യയുടെ തോല്‍വിക്ക് കാരണമായി പറയുന്നത് മറ്റൊന്നാണ്. കുറ്റക്കാർ താരങ്ങളല്ല, ബിസിസിഐ ആണെന്നാണ് മുൻ താരത്തിന്റെ അഭിപ്രായം.
ഐപിഎല്‍ അല്ലാതെയുള്ള മറ്റ് വിദേശ ട്വന്റി 20 ലീഗുകളില്‍ കളിക്കാത്തത് ഇന്ത്യന്‍ താരങ്ങള്‍ക്ക് തിരിച്ചടിയാകുന്നു എന്നാണ് ഡാരന്‍ സമിയുടെ പക്ഷം. ലോകത്തെ വിവിധ ടി20 ലീഗുകളില്‍ കളിക്കുന്ന താരങ്ങള്‍ ലോകകപ്പില്‍ മികവ് കാട്ടി. ലോകത്തെ ഏറ്റവും വലിയ ടി20 ലീഗുള്ള ഇന്ത്യയുടെ കാര്യം നോക്കുക. ഇന്ത്യന്‍ താരങ്ങള്‍ക്ക് മറ്റ് ആഗോള ലീഗുകളില്‍ കളിക്കുന്ന താരങ്ങളുടെയത്ര പരിചയസമ്പത്തില്ല. അലക്സ് ഹെയ്ല്‍സ്, ക്രിസ് ജോർദാന്‍ എന്നിവർ ഓസ്ട്രേലിയയിലെ ബിഗ് ബാഷില്‍ കളിക്കുന്നവരാണ്. അതിനാല്‍ ഓസ്ട്രേലിയയില്‍ ഇംഗ്ലണ്ട് കപ്പുയർത്തിയതില് യാദൃച്ഛികതയില്ല.ഇംഗ്ലണ്ടാണ് ടൂർണമെന്റില്‍ പങ്കെടുത്ത ഏറ്റവും മികച്ച ടീം, അവർ ചാമ്പ്യന്മാരാവുകയും ചെയ്തുവെന്നും സമി കൂട്ടിച്ചേർത്തു.
ട്വന്റി 20 ലോകകപ്പിലെ തോല്‍വിയില്‍ ടീം ഇന്ത്യ വലിയ വിമർശനമാണ് കേള്‍ക്കുന്നത്. ഏവരും ടീം സെലക്ഷനേയും ടീമിലെ കളിക്കാർക്കെതിരെയും തിരിഞ്ഞ സമയത്താണ് ഡാരൻ സമിയുടെ പ്രതികരണം പുറത്തുവരുന്നത്.