പാകിസ്താൻ വീണു; കുട്ടി ക്രിക്കറ്റിൻ്റെ നെറുകയിൽ ഇംഗ്ലണ്ട്.!
ലോകകപ്പ് കനകകിരീടം ചൂടി ഇംഗ്ലണ്ട്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ 5 വിക്കറ്റിനാണ് അവർ പാകിസ്താനെ കീഴടക്കിയത്. ടീമിൻ്റെ രണ്ടാം കിരീടമാണിത്. 2010ൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ കീഴടക്കി ഇംഗ്ലണ്ട് കിരീടം ചൂടിയിരുന്നു. 2016 ലെ ലോകകപ്പ് ഫൈനലിൽ വില്ലൻ ആയി മാറിയ സ്റ്റോക്സ് ഇന്നത്തെ ഫൈനലിൽ ഹീറോ ആയി. അന്ന് സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിൽ 4 സിക്സുകൾ പറത്തിയാണ് വെസ്റ്റ്ഇൻഡീസ് കിരീടം നേടിയത്. ഇന്ന് അതേ സ്റ്റോക്സ് തന്നെ ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ചിരിക്കുന്നു. ഇതിലും മികച്ചൊരു പ്രായശ്ചിത്തം എങ്ങനെ ചെയ്യുവാൻ കഴിയും.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്താന് 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 38 റൺസ് നേടിയ ഷാൻ മസൂദ് ആയിരുന്നു പാക് ടീമിൻ്റെ ടോപ് സ്കോറർ. ക്യാപ്റ്റൻ ബാബർ അസം 32 റൺസ് നേടിക്കൊണ്ട് പുറത്തായി. ഇവരെ കൂടാതെ 20 റൺസ് നേടിയ ഷദാബിനും, 15 റൺസ് നേടിയ റിസ്വാനും മാത്രമേ പാക് നിരയിൽ അല്പമെങ്കിലും സംഭാവന നൽകുവാൻ കഴിഞ്ഞുള്ളൂ. അവരുടെ 4 താരങ്ങൾക്ക് രണ്ടക്കം പോലും കടക്കാൻ ആയില്ല. 12 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ സാം കുറാനാണ് പാകിസ്താനെ തകർക്കുന്നതിന് നേതൃത്വം നൽകിയത്. ജോർദാൻ, റഷീദ് എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്റ്റോക്സിനും ഒരു വിക്കറ്റ് ലഭിച്ചു. തുടർന്ന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിൽ പാക് ഇന്നിംഗ്സ് അവസാനിച്ചു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് ഒരോവർ ബാക്കി നിൽക്കെ ലക്ഷ്യം പിന്നിട്ടു. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് ലോകകപ്പ് ലഭിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സ്റ്റോക്സ് തന്നെയായിരുന്നു ഇന്നത്തെ മത്സരത്തിലെയും താരം. ഒരു ഘട്ടത്തിൽ തകർച്ച നേരിട്ട് പതറിയ ഇംഗ്ലണ്ടിനെ 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്സ് വിജയതീരത്ത് എത്തിക്കുകയായിരുന്നു. 5 ഫോറുകളും 1 സിക്സറുമാണ് താരത്തിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. 17 പന്തിൽ 26 റൺസ് നേടിയ ബട്ട്ലർ ഇംഗ്ലണ്ടിന് മികച്ച തുടക്കം സമ്മാനിച്ചെങ്കിലും അലക്സ് ഹെയ്ൽസ്, ഫിൽ സോൾട്ട് എന്നിവർ പുറത്തായത് ഇംഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കി. തുടർന്ന് ബ്രൂക്കിനെ കൂട്ടുപിടിച്ച് സ്റ്റോക്സ് മെല്ലെ സ്കോർ ഉയർത്തി. വ്യക്തിഗത സ്കോർ 20ൽ നിൽക്കെ ബ്രൂക്കും മടങ്ങി. എന്നാൽ പാകിസ്താന് ആശ്വസിക്കാൻ വക ഉണ്ടായിരുന്നില്ല. പിന്നീട് വന്ന മൊയീൻ അലി 13 പന്തിൽ 19 റൺസ് നേടിക്കൊണ്ട് സ്റ്റോക്സിന് ഉറച്ച പിന്തുണ നൽകിയതോടെ മത്സരം ഇംഗ്ലണ്ടിൻ്റെ വരുതിയിൽ ആവുകയായിരുന്നു. ഒടുവിൽ അലി പുറത്തായെങ്കിലും ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു. അങ്ങനെ 19 ഓവറിലെ അവസാന പന്തിൽ ഒരു സിംഗിൾ ഇട്ടുകൊണ്ട് സ്റ്റോക്സ് തന്നെ ഇംഗ്ലണ്ടിന് വേണ്ടി വിജയറൺ നേടുകയായിരുന്നു.
4 ഓവറിൽ 23 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ഹാരിസ് റൗഫ് പാക് ബൗളിംഗിൽ തിളങ്ങി. ഷദാബ്, വസിം, ഷഹീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയ സ്റ്റോക്സ് ആണ് മത്സരത്തിലെ താരം. എന്തായാലും ഈയൊരു വിജയത്തോടെ ഒരിക്കൽ കൂടി കുട്ടിക്രിക്കറ്റിൻ്റെ നെറുകയിലേക്ക് നടന്നു കയറുവാൻ ബട്ട്ലറിനും സംഘത്തിനുമായി. ഏറ്റവും കൂടുതൽ ടി20 ലോകകപ്പിൽ മുത്തമിട്ട ടീം എന്ന റെക്കോർഡ് ഇനി വെസ്റ്റ് ഇൻഡീസിനൊപ്പം ഇംഗ്ലണ്ടിന് പങ്കിടാം. അതേ, ഇനിയൊരു ലോകകപ്പ് വിജയ് ഉണ്ടാകും വരെ കുട്ടിക്രിക്കറ്റിൻ്റെ നെറുകയിൽ ഇംഗ്ലണ്ടിന് ആയിരിക്കും സ്ഥാനം.