വെറാറ്റിക്ക് പുതിയ കരാർ നൽകാനൊരുങ്ങി പി.എസ്.ജി; ചർച്ചകൾ മുന്നേറുന്നു.!
ഇറ്റാലിയൻ മിഡ്ഫീൽഡ് താരം മാർക്കോ വെറാറ്റിക്ക് പുതിയ കരാർ നൽകാനൊരുങ്ങി പി.എസ്.ജി. നിലവിൽ 2024 സമ്മർ വരെയാണ് താരത്തിന് പി.എസ്.ജിയുമായി കരാർ ഉള്ളത്. എന്നാലത് 2026 വരെയുള്ള പുതിയ കരാർ ആയി പരിണാമപ്പെടുത്താൻ ആണ് പി.എസ്.ജിയുടെ പദ്ധതി. ക്ലബ്ബിൻ്റെ എക്കാലത്തെയും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണ് വെറാറ്റി. മികച്ച രൂപത്തിലാണ് താരം പി.എസ്.ജിയിൽ ഇപ്പൊൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഓരോ മത്സരത്തിലും തൻ്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ 2026 വരെയുള്ള ഒരു കരാർ നൽകിക്കൊണ്ട് താരത്തെ കൈവിടാതിരിക്കുവാൻ ആണ് പി.എസ്.ജി ശ്രമിക്കുന്നത്.
“വെറാറ്റിയും പി.എസ്.ജിയും തമ്മിൽ ചർച്ചകൾ നന്നായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. താരത്തിന് ക്ലബിൽ തുടരുവാനും പുതിയ കോൺട്രാക്ട് സൈൻ ചെയ്യുവാനും താൽപര്യം ഉണ്ട്. പക്ഷേ അത് പൂർണമായും ധാരണയിൽ ആയിട്ടില്ല. എന്നാൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.” ഇതാണ് ഇപ്പൊൾ പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലേ എക്വിപ്പെ റിപോർട്ട് ചെയ്തിട്ടുള്ളത്. എന്തായാലും താരത്തിൻ്റെ കരാർ പി.എസ്.ജി നീട്ടി നൽകുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.