ന്യൂസിലൻഡ് പരമ്പരയിൽ ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി മുനിഷ് ബാലി എത്തും
അടുത്ത വെള്ളിയാഴ്ച്ച, നവംബർ 18 ന് ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരായ ഉഭയകക്ഷി പരമ്പരയിൽ ടീം ഇന്ത്യയുടെ ഫീൽഡിംഗ് പരിശീലകനായി മുനിഷ് ബാലിയെ നിയമിച്ചതായി റിപ്പോർട്ട്. പതിവ് പരിശീലകനായ രാഹുൽ ദ്രാവിഡിന് വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് പുതിയ നിയമനം.
ഈ വർഷമാദ്യം അയർലൻഡിനെതിരായി നടന്ന എവേ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു മുനിഷ് ബാലി. കൂടാതെ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിന് മുമ്പുള്ള ഇംഗ്ലണ്ട് പരമ്പരയ്‌ക്ക് വേണ്ടിയും മുനിഷ് ബാലി ടീമിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബാലിയെ കൂടാതെ, മുൻ ഇടംകൈയ്യൻ മധ്യനിര ബാറ്റ്‌സ്മാൻ ഹൃഷികേശ് കനിത്‌കറും മുൻ ലെഗ് സ്പിന്നർ സായിരാജ് ബഹുതുലെയും യഥാക്രമം ബാറ്റിംഗ്, ബൗളിംഗ് കോച്ചായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സപ്പോർട്ട് സ്റ്റാഫിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുമുണ്ട്. ഇവർ മൂന്നുപേരും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) വിവിഎസ് ലക്ഷ്മണിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.