ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ പുറത്തെടുത്ത പ്രകടനം നാളത്തെ ഫൈനലിൽ പാകിസ്താനെതിരെ നടക്കുമോ..?
ടി20 ലോകകപ്പിൻ്റെ ഫൈനൽ മത്സരം നാളെ ഓസ്ട്രേലിയയിലെ മെൽബൺ സ്റ്റേഡിയത്തിൽ വെച്ച് അരങ്ങേറാൻ പോകുകയാണ്. പാക്കിസ്താനും ഇംഗ്ലണ്ടും തമ്മിലാണ് ഫൈനലിൽ മാറ്റുരയ്ക്കുക. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ഒന്നാം സെമിഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് പാകിസ്താൻ ഫൈനൽ പ്രവേശനം നേടിയത്. അതേസമയം ഇന്ത്യയെ 10 വിക്കറ്റിന് തകർത്തെറിഞ്ഞ് കൊണ്ടാണ് ഇംഗ്ലണ്ട് ഫൈനലിലേക്ക് പ്രവേശിച്ചത്. ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം 4 ഓവർ ബാക്കി നിൽക്കെ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ ബൗളർമാർക്ക് ഇംഗ്ലണ്ടിന് മേൽ സമ്മർദ്ദം ചെലുത്താൻ സാധിച്ചില്ല. അത്യന്തം നാണം കെട്ട തോൽവി എന്ന് തന്നെ പറയാം. കഴിഞ്ഞ ലോകകപ്പിലും ഇതേ രീതിയിൽ പാകിസ്താനും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.
ഭാഗ്യം കൊണ്ടു മാത്രമാണ് ഇന്ത്യ ഗ്രൂപ്പ് ഘട്ടം പിന്നിട്ടത് എന്ന് പറയേണ്ടി വരും. പാകിസ്താനോട് തപ്പിയും തടഞ്ഞും വിജയിച്ച ഇന്ത്യ, സൗത്ത് ആഫ്രിക്കയോടു പരാജയപ്പെടുകയും ചെയ്തു. ഗ്രൂപ്പിലെ മറ്റു ടീമുകൾ ദുർബലരായത് കൊണ്ടുതന്നെ അവരെ തോൽപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. ശേഷം സെമിയിൽ വീണ്ടുമൊരു മികച്ച ടീം എതിരായി വന്നപ്പോൾ ഇന്ത്യ വീണ്ടും വീണു. ഇത്തരത്തിൽ ഉള്ളൊരു ടീം കൊണ്ട് ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് ഒന്നും വിജയിക്കാൻ കഴിയില്ല. അതിന് ഒരുപാട് മാറ്റങ്ങൾ നടത്തേണ്ടി വരും. എന്തായാലും ഇന്ത്യയെ നിഷ്പ്രഭമാക്കിയത് പോലെ പാകിസ്താനെ കീഴ്പ്പെടുത്താൻ ഇംഗ്ലണ്ടിന് കഴിയില്ലെന്ന് ഉറപ്പാണ്. ഇന്ത്യയേക്കാൾ എത്രയോ മികച്ച പേസ് നിരയാണ് പാകിസ്താൻ്റേത്. ഷഹീൻ ഷായും, ഹാരിസ് റൗഫും, നസീം ഷായും, വസീമും എല്ലാം ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വിറപ്പിക്കുമെന്നതിൽ സംശയമൊന്നുമില്ല. പവർപ്ലെയിൽ ബട്ട്‌ലർ, ഹെയ്ൽസ് എന്നിവരിൽ ഒരാൾ പുറത്തായാൽ ഇംഗ്ലണ്ട് വിയർക്കും. കാരണം മറ്റാരും ഈ ടൂർണമെൻ്റിൽ ഭേദപ്പെട്ട ഒരു പ്രകടനം ഇതുവരെ പുറത്തെടുത്തിട്ടില്ല.
നാളെയും ഈ 2 ഓപ്പണർമാരെ മാത്രം ആശ്രയിച്ചാണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് മുന്നോട്ട് പോകുന്നതെങ്കിൽ പാകിസ്ഥാന് മുന്നിൽ അവർ മുട്ടുമടക്കേണ്ടി വരും. എന്തായാലും ഇന്ത്യയ്ക്കെതിരെ ഇംഗ്ലണ്ട് പുറത്തെടുത്ത അമാനുഷിക ബാറ്റിംഗ് പാകിസ്താനെതിരെയും പുറത്തെടുക്കാൻ കഴിയുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.