നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യയുടെ ലോകകപ്പ് പടിയിറക്കം
ഇന്നത്തെ ഇംഗ്ലണ്ടിനോട് ഏറ്റ 10 വിക്കറ്റ് തോല്‍വിയോടെ ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ 10 വിക്കറ്റ് തോല്‍വി വഴങ്ങുന്ന ഒരേയൊരു ടീമായി ഇന്ത്യ. ടി20 ടീം റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും ഒന്ന് പൊരുതാന്‍ പോലും കഴിയാതെയാണ് ഇന്ത്യ സെമിയില്‍ അടിയറവ് പറഞ്ഞത്.
ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള ഭുവനേശ്വര്‍ കുമാറിനെ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറിയടക്കം 13 റണ്‍സടിച്ച ബട്‌ലര്‍ തന്നെയാണ് ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ടിന് തുടക്കമിട്ടത്. ബട്‌ലര്‍ തുടങ്ങിവെച്ചത് ഹെയ്ല്‍സ് ഏറ്റെടുത്തപ്പോള്‍ എവിടെ പന്തെറിയണമെന്ന് പോലും ഇന്ത്യന്‍ ബൗളിംഗ് നിര മറന്നുപോയി.
അഡ്‌ലെയ്ഡില്‍ ബംഗ്ലാദേശ് ഇന്ത്യയെ വിറപ്പിച്ചു വിട്ടുവെങ്കില്‍ അതേ വേദിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ തരിപ്പണമാക്കി. ടോസ് നഷ്ടമായ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 170 റണ്‍സെടുത്തു. ജോസ് ബട്‌ലര്‍ 49 പന്തില്‍ 80 റണ്‍സുമായി അലക്സ് ഹെയ്ല്‍സ് 47 പന്തില്‍ 86 റണ്‍സുമായും പുറത്താകാതെ നിന്നു.
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 റൗണ്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനോട് തോറ്റത് പത്തു വിക്കറ്റിനായിരുന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 151 റണ്‍സ് വിജയലക്ഷ്യം പാക് നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്‌വാനും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തപ്പോള്‍ ഇന്ത്യ തലകുനിച്ച് മടങ്ങി.