10 വിക്കറ്റിന്റെ വമ്പൻ ജയവുമായി ഇംഗ്ലണ്ട് ഫൈനലിൽ, നാണംകെട്ട് ടീം ഇന്ത്യ
ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കു ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് തോല്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റു പോകാതെ വിജയത്തിലെത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്ലർ (49 പന്തിൽ 80), അലക്സ് ഹെയ്ല്‍സ് (47 പന്തിൽ 86) എന്നിവർ അർധ സെഞ്ചറി നേടി.
169 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അലക്സ് ഹെയ്ല്‍സും ജോസ് ബട്ലറും ചേര്‍ന്ന് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ആദ്യ അഞ്ചോവറില്‍ തന്നെ 52 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തു. ഇന്ത്യയാകട്ടെ പവര്‍പ്ലേയില്‍ വെറും 38 റണ്‍സ് മാത്രമായിരുന്നു നേടിയത്. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ബട്ലറും ഹെയ്ൽസും ചേർന്ന് ഇംഗ്ലണ്ടിനായി പടുത്തുയർത്തിയത്.






































