ഐസിസി റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി സൂര്യകുമാർ യാദവ്
ഐസിസി ട്വന്റി 20 ബാറ്റർമാരുടെ റാങ്കിൽ ഒന്നാം സ്ഥാനം നിലനിർത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ഐസിസി ബുധനാഴ്ച പുറത്തിറക്കിയ പട്ടികയിലാണ് സൂര്യകുമാർ ഒന്നാം സ്ഥാനം നിലനിർത്തിയത്. കുട്ടി ക്രിക്കറ്റിലെ ലോകകപ്പിൽ 5 മത്സരങ്ങളിൽ നിന്നുമായി 225 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. 200 ആണ് ശരാശരി സ്ട്രൈക്ക് റേറ്റ്. പാക്കിസ്ഥാൻ കളിക്കാരൻ മുഹമ്മദ് റിസ്വാനാണ് രണ്ടാം സ്ഥാനത്തുള്ളത്.
ഫോമിലേക്ക് തിരിച്ചെത്തിയ ഇന്ത്യൻ താരം കെഎൽ രാഹുൽ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് പതിനാറാമതെത്തി. ടി20 ബാറ്റർമാരുടെ റാങ്കിംഗിൽ വിരാട് കോലി പതിനൊന്നാമതും രോഹിത് ശർമ പതിനെട്ടാമതുമാണ്. അതേസമയം ടി20 ബോളർമാരുടെ പട്ടികയിൽ അർഷ്ദീപ് സിങ് നില മെച്ചപ്പെടുത്തി 23ാം സ്ഥാനത്തെത്തി. നാല് സ്ഥാനം ഉയർത്തിയാണ് അർഷ്ദീപ് ഇരുപത്തിമൂന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കൻ സ്പിന്നർ വാനിന്ദു ഹസരങ്കയാണ് ബോളർമാരിൽ ഒന്നാം സ്ഥാനത്തുള്ളത്. ട്വന്റി 20 സൂപ്പർ 12 മത്സരങ്ങളിൽ 15 വിക്കറ്റാണ് ഹസരങ്ക വീഴ്ത്തിയത്.