തോൽവിക്ക് കാരണം ഇവർ, പാക് ഓപ്പണര്‍മാരെ പുകഴ്ത്തി കെയ്ന്‍ വില്യംസണ്
ടി20 ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെതിരായ തോല്‍വിക്ക് ശേഷം കാരണം വ്യക്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്. ബാബർ അസമും മുഹമ്മദ് റിസ്വാനുമാണ് ജയം അനായാസമാക്കിയെന്നാണ് വില്യംസൺ പറയുന്നത്.
തങ്ങള്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വില്യംസണ് സമ്മതിച്ചു. പാകിസ്ഥാന് നന്നായി പന്തെറിഞ്ഞു. തുടക്കം മുതല്‍ ഞങ്ങ്ളെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവര്‍ക്കായി. ഡാരില്‍ മിച്ചലിന്റെ അവിശ്വസനീയ ഇന്നിംഗസിലൂടെ ഒരു തിരിച്ചുവരവിനാണ് ശ്രമിച്ചിരുന്നത്. എറിഞ്ഞുപിടിക്കാവുന്ന സ്കോറാണ് ലഭിച്ചതെന്ന് തോന്നിയിരുന്നു. ഉപയോഗിച്ച പിച്ചായതിനാല്‍ ബാറ്റ് ചെയ്യാന്‍ അല്പം ബുദ്ധിമുട്ടായിരുന്നു. തുടക്കം മുതല്‍ ബാബറും റിസ്വാനും ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കിയെന്നും കിവീസ് നായകൻ പറഞ്ഞു.
ഞങ്ങളുടെ ചില ഏരിയകളില്‍ പോരായ്മയുണ്ടായി. അതൊന്നും ന്യായീകരണമല്ല, പാകിസ്ഥാന് വിജയം അര്‍ഹിക്കുന്നു. ടൂര്‍ണമെന്റില്‍ തുടക്കം മുതല്‍ ഞങ്ങള്‍ നന്നായാണ് കളിച്ചത്. എന്നാല്‍ ഇന്ന് ഞങ്ങളുടെ ദിവസമല്ലായിരുന്നുവെന്നും വില്യംസണ് കൂട്ടിച്ചേർത്തു.
സിഡ്നിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റനായിരുന്നു പാകിസ്ഥാന്റെ ജയം. സിഡ്നിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നാല് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്താന് അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു. മുഹമ്മദ് റിസ്വാന് (57), ബാബര്‍ അസം (53) എന്നിവരാണ് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.