ഒറ്റ മത്സരം കൊണ്ട് പന്തിനെ വിലയിരുത്താനാകില്ലെന്ന് ദ്രാവിഡ്
ഒരു മത്സരം കൊണ്ട് റിഷഭ് പന്തിനെ വിലയിരുത്താനാകില്ലെന്ന അഭിപ്രായം തുറന്നു പറഞ്ഞും താരത്തെ പിന്തുണച്ചും ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് രംഗത്ത്. മെൽബൺ∙ ട്വന്റി20 ലോകകപ്പിൽ സിംബാബ്‍വെയ്ക്കെതിരായ മത്സരത്തിൽ യുവ വിക്കറ്റ് കീപ്പർ ബാറ്റർക്ക് തിളങ്ങാൻ സാധിക്കാതിരുന്നതു കാര്യമാക്കുന്നില്ലെന്നാണ് ദ്രാവിഡ് പറയുന്നത്. അഡ്‍ലെയ്ഡിൽ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിൽ പന്ത് കളിച്ചേക്കുമെന്ന സൂചനയും രാഹുൽ ദ്രാവിഡ് നൽകുന്നുണ്ട്.
ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായുള്ള 15 താരങ്ങളിലും വിശ്വാസമുണ്ട്. എന്നാൽ 11 താരങ്ങൾക്കു മാത്രമേ കളിക്കാൻ സാധിക്കൂ. മാനേജ്മെന്റിന് അവരുടെ കാര്യത്തിൽ ആത്മവിശ്വാസമുള്ളതു കൊണ്ടാണ് അവർ ലോകകപ്പ് കളിക്കുന്നതിന് ഓസ്ട്രേലിയയിലെത്തിയത്. എപ്പോൾ വേണമെങ്കിലും അവരെ പ്ലേയിങ് ഇലവനിലേക്കു വിളിക്കാമെന്നാണ് ദ്രാവിഡിന്റെ പ്രതികരണം.
സൂപ്പർ 12 റൗണ്ടിൽ ആദ്യ നാലു മത്സരങ്ങളിൽ റിഷഭ് പന്തിന് ടീമില്‍ അവസരം ലഭിച്ചിരുന്നില്ല. സീനിയര്‍ താരം ദിനേഷ് കാർത്തിക്ക് ഫിനിഷർ റോളിൽ ഈ മത്സരങ്ങൾ കളിച്ചെങ്കിലും മോശം പ്രകടനമായിരുന്നു. സിംബാബ്‍വെയ്ക്കെതിരെ ടീമിലെത്തിയ പന്തിന് മൂന്ന് റണ്‍സെടുക്കാൻ മാത്രമാണു സാധിച്ചത്. സീൻ വില്യംസിന്റെ ബോളില്‍ റയാൻ ബേളിനു ക്യാച്ച് നൽകിയാണ് പന്ത് പുറത്തായത്.