വിരാട് കോലി ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരം
ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ താരം വിരാട് കോലി ഐസിസിയുടെ ഒക്ടോബര്‍ മാസത്തിലെ മികച്ച താരം. ഇതാദ്യമായാണ് കോലി ഈ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍, സിംബാബ്വെയുടെ സിക്കന്ദര്‍ റാസ എന്നിവരെ പിന്തള്ളിയാണ് കോലി പുരസ്‌കാരത്തിന് അര്‍ഹനായത്.
മുമ്പ് ഐസിസിയുടെ ഏറ്റവും മികച്ച ഏകദിന താരമായും ടെസ്റ്റ് താരമായും ക്രിക്കറ്റര്‍ ഓഫ് ദ് ഇയറായും കോലി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വനിതാ താരങ്ങളില്‍ പാകിസ്ഥാന്‍റെ നിദാ ദറാണ് പ്ലേയര്‍ ഓഫ് ദ് മന്തായി തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യന്‍ താരങ്ങളായ ദീപ്തി ശര്‍മ, ജെമീമ റോഡ്രിഗസ് എന്നിവരെ പിന്തള്ളിയാണ് നിദാ ദറിന്‍റെ നേട്ടം.
ആദ്യമായി ഐസിസി പ്ലേയര്‍ ഓഫ് ദ് മന്ത് പുരസ്കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് കോലി പ്രതികരിച്ചു. പുരസ്കാരത്തിനായി മത്സരിച്ച മില്ലറെയും റാസസയെയും അഭിനന്ദിച്ച കോലി മികച്ച പ്രകടനത്തിനായി പിന്തുണച്ച ടീമിലെ തന്‍രെ സഹതാരങ്ങളോട് നന്ദി പറയുന്നുവെന്നും വ്യക്തമാക്കി.
ഒക്ടോബറില്‍ നാല് മികച്ച ഇന്നിങ്‌സുകള്‍ കളിച്ച കോലി 205 റണ്‍സ് സ്വന്തമാക്കിയിരുന്നു. ഇതില്‍ ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഇന്ത്യയെ വിജയത്തിലെത്തിച്ച ഇന്നിങ്‌സ് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് ഒരു ഘട്ടത്തില്‍ നാലിന് 31 റണ്‍സെന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 53 പന്തില്‍ നിന്നും 82 റണ്‍സടിച്ച് കോലി വിജയത്തിലെത്തിക്കുകയായിരുന്നു.