ബംഗ്ലാദേശിനെ കീഴടക്കി പാകിസ്ഥാൻ സെമിയിൽ, എതിരാളി ന്യൂസിലൻഡോ?
ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാൻ സെമിയിൽ. നിർണായകമായ മത്സരത്തിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ഗ്രൂപ്പിൽ നിന്ന് ഇന്ത്യക്ക് പിന്നാലെ പാകിസ്ഥാനും സെമിയിലെത്തിയത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് ലക്ഷ്യം 18.1 ഓവറിലാണ് പാകിസ്ഥാന് മറികടന്നത്.
ഇടയ്ക്കൊന്നു പതറിയെങ്കിലും മുഹമ്മദ് ഹാരിസ് (18 പന്തിൽ 31), ഷാൻ മസൂദ് (14 പന്തിൽ 24*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് പാക്കിസ്ഥാനെ അനായാസം വിജയത്തിലേക്ക് എത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ മുഹമ്മദ് റിസ്വാനും (32 പന്തിൽ 32) ക്യാപ്റ്റൻ ബാബർ അസമും (33 പന്തിൽ 25) ചേർന്ന് 57 റൺസ് എടുത്തിരുന്നു. പിന്നീടെത്തിയ മുഹമ്മദ് നവാസ് (11 പന്തിൽ 4) റണ്ണൗട്ടായി. നാലാം വിക്കറ്റിൽ ഹാരിസും മസൂദും ചേർന്ന് 29 റൺസ് കൂട്ടിച്ചേർത്തത് പാക്ക് വിജയത്തിൽ നിർണായകമായി.
നെതർലൻഡ്സിനെതിരെ ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത തോൽവിയാണ് പാകിസ്ഥാന് തുണയായത്. സിംബാബ്വെക്കെതിരെ ഇന്ത്യയുടെ മത്സരഫലമായിരിക്കും ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുക.
ഇന്ന് ആദ്യം നടന്ന മത്സരത്തിൽ നെതർലൻഡ്സ് ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചതോടെയാണ് പാക്കിസ്ഥാൻ–ബംഗ്ലദേശ് മത്സരം നോക്കൗട്ട് മത്സരമായി മാറിയത്. നെതർലൻഡ്സിനെതിരെ ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്കു സെമി ഉറപ്പാകുകയും പാകിസ്ഥാൻ– ബംഗ്ലദേശ് മത്സരഫലം അപ്രസക്തമാകുകയും ചെയ്യുമായിരുന്നു.






































