നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത തോൽവിയുമായി ദക്ഷിണാഫ്രിക്ക ലോകപ്പിൽ നിന്നും പുറത്ത്
ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് അപ്രതീക്ഷിത തോൽവി വഴങ്ങി ദക്ഷിണാഫ്രിക്ക. ഏതാണ്ട് സെമി ഫൈനൽ യോഗ്യത ഉറപ്പിച്ച് മൈതാനത്തിറങ്ങിയ പ്രോട്ടീസിന്റെ തോൽവി തികച്ചും അപ്രതീക്ഷിതമായിരുന്നു.
മത്സരത്തിൽ 13 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ നെതർലൻഡ്‌സ് വീഴ്‌ത്തിയത്. ഇതോടെ ഇന്ത്യ സെമിയിലെത്തി. 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റിന് 145 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. നെതര്‍ലന്‍ഡ്‌സ് നേരത്തെ തന്നെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് കോളിന്‍ അക്കെര്‍മാനിന്‍റെ അവസാന ഓവര്‍ വെടിക്കെട്ടുകളിലാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. ടീം 20 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സെടുത്തു. അക്കെര്‍മാന്‍ 26 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുകളോടെയും 41* റണ്‍സെടുത്തും ക്യാപ്റ്റന്‍ സ്കോട് എഡ്‌വേഡ്‌സ് 7 പന്തില്‍ 12* റണ്‍സുമായും പുറത്താവാതെ നിന്നു. 10, 4, 16, 15 എന്നിങ്ങനെയാണ് അവസാന നാല് ഓവറില്‍ നെതര്‍ലന്‍ഡ്‌സ് ടീം നേടിയത്.
മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. 5.6 ഓവറില്‍ 36 റണ്‍സിന്‍റെ ഓപ്പണര്‍മാര്‍ ഇരുവരും പുറത്തായി. ഡികോക്ക് (13), തെംബാ ബാവുമ (20) എന്നിങ്ങനെയായിരുന്നു ഓപ്പണർമാരുടെ സമ്പാദ്യം. 19 പന്തില്‍ 25 റണ്‍സെടുത്ത റൈലി റൂസേയുടെ പോരാട്ടം ബ്രാണ്ടന്‍ ഗ്ലോവര്‍ അവസാനിപ്പിച്ചു. ഏയ്‌ഡന്‍ മാര്‍ക്രമിനും (17) തിളങ്ങാനായില്ല. 16-ാം ഓവറിൽ മില്ലറും വീണതോടെ വിജയം തെന്നിമാറി. വെയ്‌ന്‍ പാര്‍നല്‍(2 പന്തില്‍ 0), ഹെന്‍റിച്ച് ക്ലാസന്‍(18 പന്തില്‍ 21) എന്നിവര്‍ മടങ്ങിയെങ്കിലും കേശവ് മഹാരാജും(12 പന്തില്‍ 13), കാഗിസോ റബാഡയും (9) നടത്തിയ പോരാട്ടവും ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ഇപ്പോൾ നടക്കുന്ന പാകിസ്ഥാൻ ബംഗ്ലാദേശ് മത്സരത്തിലെ വിജയികൾക്ക് നേരിട്ട് സെമി ഫൈനൽ യോഗ്യത ലഭിക്കും. അതായത് ദക്ഷിണാഫ്രിക്കക്ക് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റ് ഇപ്പോഴെ ബുക്ക് ചെയ്യാമെന്ന് സാരം.