അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് മുഹമ്മദ് നബി
ട്വന്റി20 ലോകകപ്പിൽനിന്നു ടീം പുറത്തായതിനു പിന്നാലെ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി സ്ഥാനം രാജിവച്ചു. ടീമംഗമായി തുടരുമെന്നും മുപ്പത്തിയേഴുകാരൻ താരം വ്യക്തമാക്കി. ടീമിന്റെ ഒരുക്കം മുതൽ സിലക്‌ഷൻ വരെ ഒട്ടേറെക്കാര്യങ്ങളിൽ തനിക്ക് അതൃപ്തിയുണ്ടെന്നും ആരാധകർ പ്രതീക്ഷിച്ച നിലവാരത്തിൽ കളിക്കാൻ സാധിച്ചില്ലെന്നും നബി സമൂഹമാധ്യമത്തിലെ രാജിപ്രഖ്യാപനത്തിൽ കുറിച്ചു.
അഫ്ഗാനിസ്ഥാന്റെ സമീപകാല പര്യടനങ്ങളിൽ സെലക്ഷൻ കമ്മിറ്റിയും ടീം മാനേജ്‌മെന്റും താനും ഒരേ പേജിൽ ഉണ്ടായിരുന്നില്ലെന്നും ഇത് ടീം സന്തുലിതാവസ്ഥയെ നേരിട്ട് ബാധിച്ചതായും നബി ചൂണ്ടിക്കാട്ടി
സന്നാഹ മത്സരങ്ങളിൽ പ്രതീക്ഷ നൽകുന്ന പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ടൂർണമെന്റിലെ മൂന്ന് ഇന്നിംഗ്‌സുകളിൽ നിന്ന് 17 റൺസ് മാത്രമാണ് നബിക്ക് നോടാനായത്. വ്യക്തിഗത നേട്ടങ്ങൾ ഇല്ലാത്തതും താരത്തെ നിരാശപ്പെടുത്തിയിരുന്നു. ഒരു ജയം പോലും ഇല്ലാതെയാണ് അഫ്ഗാൻ ടി20 ലോകകപ്പിൽ നിന്നും മടങ്ങിയതെങ്കിലും പോരാട്ടവീര്യം പുറത്തെടുക്കാൻ ടീമിന് സാധിച്ചിരുന്നു.