ലോകകപ്പിൽ നാളെ ഇന്ത്യ-സിംബാബ്‌വെ പോരാട്ടം, ജയിച്ചാൽ സെമിയിൽ
ടി20 ലോകകപ്പിലെ അവസാന സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ നാളെ സിംബാബ്‌വെയെ നേരിടും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഇന്ത്യക്ക് സെമി ഫൈനൽ യോഗ്യത നേടാനാവൂ. മഴമൂലം മത്സരം ഉപേക്ഷിച്ചാലും ടീം ഇന്ത്യക്ക് സെമിയിലേക്ക് മാര്‍ച്ച് ചെയ്യാനാവും.
ഗ്രൂപ്പ് രണ്ടില്‍ കടുത്ത മത്സരമാണ് സെമിയുറപ്പിക്കാന്‍ ടീമുകള്‍ തമ്മില്‍ നടക്കുന്നത്. ഞായറാഴ്‌ച നടക്കുന്ന ദക്ഷിണാഫ്രിക്ക-നെതർലന്‍ഡ്‌സ്, പാകിസ്ഥാന്‍-ബംഗ്ലാദേശ്, ഇന്ത്യ-സിംബാബ്‍വെ മത്സരങ്ങളെല്ലാം നിര്‍ണായകം. നാല് കളിയില്‍ ആറ് പോയിന്‍റുമായി ടീം ഇന്ത്യയാണ് ഒന്നാമത്. ഇത്രതന്നെ മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 4 പോയിന്‍റുമായി പാകിസ്ഥാന്‍ മൂന്നാം സ്ഥാനത്തുമാണ്. സിംബാബ്‍വെയോട് ജയിച്ചാല്‍ എട്ട് പോയിന്‍റുമായി ഇന്ത്യ അനായാസം സെമിയിലെത്തും. മത്സരം മഴ കൊണ്ടുപോയാലും വീതിച്ച് ലഭിക്കുന്ന ഒരു പോയിന്‍റ് തന്നെ ഇന്ത്യക്ക് ധാരാളം.
അതേസമയം പ്ലേയിംഗ് ഇലവനില്‍ ആരൊക്കെയുണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തോ ആര്‍ അശ്വിന് പകരം സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലോ അന്തിമ ഇലവനില്‍ എത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ന് നടക്കുന്ന അവസാനവട്ട പരിശീലനത്തിന് ശേഷമെ അന്തിമ ഇലവന്‍ സംബന്ധിച്ച ഏകദേശ ധാരണയുണ്ടാകൂ എന്നാണ് റിപ്പോര്‍ട്ട്.
ഫിനിഷറായി ടീമിലെത്തിയ കാര്‍ത്തിക് കഴിഞ്ഞ മത്സരങ്ങളില്‍ 1,6, 7 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്. ആകെ നേരിട്ടത് 22 പന്തുകള്‍ മാത്രവും. ദക്ഷിണാഫ്രിക്കക്കെതിരെ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞപ്പോള്‍ ക്രീസിലെത്തിയ കാര്‍ത്തിക്കിന് മധ്യനിരയില്‍ സൂര്യക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്താനും കഴിഞ്ഞില്ല. ബംഗ്ലാദേശിനെതിരെ ഫിനിഷിംഗിന് അവസരം ലഭിച്ചെങ്കിലും കോലിയുമായുള്ള ധാരപ്പിശകില്‍ റണ്‍ ഔട്ടായി. അതിനാൽ പന്തിന് അവസരം നൽകിയേക്കാൻ ടീം ചിലപ്പോൾ തയാറായേക്കും.