ലങ്കയെ കീഴടക്കി ഇംഗ്ലണ്ട് സെമിയിൽ, നിലവിലെ ചാമ്പ്യൻമാർ പുറത്ത്
ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ നിര്‍ണയിക്കാനുള്ള സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ഓപ്പണര്‍ അലക്സ് ഹെയില്‍സും (30 പന്തില്‍ 47), ക്യാപ്റ്റന്‍ ജോസ് ബട്‌ലറും (23 പന്തില്‍ 28) നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റെ (36 പന്തില്‍ 44*) പോരാട്ടത്തിന്‍റെയും കരുത്തിലാണ് ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത്.
ഏഴ് പോയന്റോടെ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ടിന്റെ സെമിപ്രവേശം. അതേ സമയം നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയ സെമി കാണാതെ ലോകകപ്പില്‍ നിന്ന് പുറത്തായി. ഓസ്‌ട്രേലിയക്കും ഏഴ് പോയന്റുണ്ടെങ്കിലും ഉയര്‍ന്ന നെറ്റ് റണ്‍ റേറ്റിന്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഒന്നില്‍ നിന്ന് ന്യൂസിലന്‍ഡ് നേരത്തേ സെമിയിലെത്തിയിരുന്നു.
നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക ഓപ്പണര്‍ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞുപിടിക്കുകയായിരുന്നു. 45 പന്തില്‍ 67 റണ്‍സെടുത്ത പാതും നിസങ്കയും 22 റണ്‍സെടുത്ത ഭാനുക രജപക്സെയും 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മാത്രമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.