സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയലക്ഷ്യം
ട്വന്റി 20 ലോകകപ്പിലെ നിര്‍ണായകമായ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരേ ഇംഗ്ലണ്ടിന് 142 റണ്‍സ് വിജയലക്ഷ്യം. ലങ്കന്‍ ഓപ്പണര്‍ പാത്തും നിസങ്കയുടെ വെടിക്കെട്ട് പ്രകടനമാണ് ശ്രീലങ്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിന് ലങ്കന്‍ ഇന്നിങ്‌സ് അവസാനിച്ചു. സെമിയില്‍ പ്രവേശിക്കാന്‍ ഇംഗ്ലണ്ടിന് ജയം നിര്‍ബന്ധമാണ്.
ഓപ്പണര്‍ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ തകര്‍ത്തടിച്ച് തുടങ്ങിയ ലങ്കയെ അവസാന ഓവറുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞുപിടിച്ചു. ടോസ് നേടി ക്രീസിലിറങ്ങിയ ലങ്കക്കായി 45 പന്തില്‍ 67 റണ്‍സെടുത്ത നിസങ്കയും 22 റണ്‍സെടുത്ത ഭാനുക രജപക്സെയും 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മാത്രമെ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.
എട്ടോവറില്‍ 71 റണ്‍സിലെത്തിയ ലങ്കക്ക് പക്ഷെ ധനഞ്ജയ ഡിസില്‍വ(9) മടങ്ങിയശേഷം അടിതെറ്റി. പത്തോവറില്‍ 80 റണ്‍സടിച്ച ലങ്കക്ക് അവസാന പത്തോവറില്‍ 61 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്‌ട്രേലിയക്ക് ഇംഗ്ലണ്ടിന്റെ പരാജയം അനിവാര്യമാണ്. ഇന്ന് ജയിച്ചാലും അതുകൊണ്ട് ലങ്കയ്ക്ക് പ്രയോജനമില്ല.
ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡാണ് നേരത്തെ സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ച ടീം. ജയിച്ചാല്‍ ഇംഗ്ലണ്ട് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകും. അതോടെ ആതിഥേയരായ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്താകും.