കരിയറിലെ ഏറ്റവും മോശം റെക്കോർഡില്‍ ബാബർ അസം
വിരാട് കോലിയേക്കാൾ കേമനെന്ന് പലരും വിശേഷിപ്പിച്ച പാകിസ്ഥാൻ നായകൻ ബാബർ അസം ടി20 ലോകകപ്പിലെ ദയനീയ പ്രകടനം തുടരുന്നു, ലോകകപ്പിലെ ആദ്യ നാല് മത്സരങ്ങളിലും ബാബർ അസമിന്റെ ബാറ്റിൽ നിന്നും ഒറ്റത്തവണ പോലും രണ്ടക്കം കാണാനായില്ല.
ഈ ലോകകപ്പില്‍ 0, 4 , 4, 6 എന്നിങ്ങനെയാണ് ബാബറിന്റെ സ്കോർ. രാജ്യാന്തര ടി20 കരിയറില്‍ ആദ്യമായി തുടർച്ചയായി മൂന്ന് മത്സരങ്ങളില്‍ 10ല്‍ താഴെ സ്കോറിന് പുറത്തായതിന്റെ നാണക്കേട് ബാബറിന് കഴിഞ്ഞ മത്സരത്തില്‍ സ്വന്തമായിരുന്നു. ഈ നാണക്കേട് തുടരുകയായിരുന്നു ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയും.
ബാബർ 15 പന്ത് നേരിട്ടിട്ടും ആറ് റണ്‍സേ നേടിയുള്ളൂ. ലുങ്കി എന്‍ഗിഡിയുടെ പന്തില്‍ കാഗിസോ റബാഡ പിടിച്ചായിരുന്നു പുറത്താകല്‍. രാജ്യാന്തര ടി20യില്‍ മികച്ച ബാറ്റിംഗ് റെക്കോർഡുള്ള താരമായിട്ടും ബാബറിന് കാലിടറുന്നു എന്നതാണ് ശ്രദ്ധേയം. 96 രാജ്യാന്തര ടി20കളില്‍ 41.60 ശരാശരിയിലും 128.67 സ്ട്രൈക്ക് റേറ്റിലും 3245 റണ്‍സ് ബാബറിനുണ്ട്.