റിസ്‍വാനെ പിന്തള്ളി സൂര്യകുമാർ യാദവ് ടി20 റാങ്കിംഗിൽ ഒന്നാമത്
ട്വന്‍റി 20 ക്രിക്കറ്റില്‍ മുഹമ്മദ് റിസ്‍വാന്‍ യുഗത്തിന് വിരാമമിട്ട് റാങ്കിംഗില്‍ സൂര്യോദയം. ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സൂര്യകുമാർ യാദവ് ബാറ്റർമാരില്‍ ഒന്നാമതെത്തി. ട്വന്‍റി 20 ലോകകപ്പിലെ മിന്നും പ്രകടനത്തോടെയാണ് സൂര്യകുമാർ യാദവ് പുരുഷന്‍മാരിലെ ഏറ്റവും മികച്ച ബാറ്ററായി മാറിയത്.
ലോകകപ്പില്‍ നെതർലന്‍ഡ്സിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ തുടർച്ചയായ അർധസെഞ്ചുറികള്‍ യാദവ് നേടിയിരുന്നു. നാലാം നമ്പറില്‍ ഇറങ്ങുന്ന സൂര്യക്ക് 863 ഉം പാക് ഓപ്പണറായ റിസ്‍വാന് 842 ഉം റേറ്റിംഗ് പോയിന്‍റുകളാണ് നിലവിലുള്ളത്. ട്വന്റി 20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്തെത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍. ഇതിന് മുമ്പ് സൂപ്പര്‍ താരം വിരാട് കോലിയാണ് ട്വന്റി 20 ക്രിക്കറ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരം.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സൂര്യകുമാര്‍ യാദവ് ചുരുങ്ങിയ കാലയളവില്‍ തന്നെ ലോകത്തിലെ മികച്ച ട്വന്റി 20 ബാറ്ററായി മാറി. ഇന്ത്യയ്ക്കായി ട്വന്റി 20-യില്‍ 37 മത്സരങ്ങള്‍ കളിച്ച താരം ഒരു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്.