ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിക്ക്
ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് ഇനി വിരാട് കോലിക്ക് സ്വന്തം. ബുധനാഴ്ച്ച ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 16-ല്‍ എത്തിയതോടെ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധയുടെ റെക്കോഡാണ് ഇന്ത്യൻ താരത്തിന് മറികടക്കാനായത്. ട്വന്റി 20 ലോകകപ്പില്‍ 31 മത്സരങ്ങളില്‍ നിന്ന് 1,016 റണ്‍സായിരുന്നു ജയവര്‍ധയുടെ സമ്പാദ്യം.
ബംഗ്ലാദേശിനെതിരേ 44 പന്തില്‍ നിന്ന് ഒരു സിക്‌സും എട്ട് ബൗണ്ടറിയുമടക്കം 64 റണ്‍സെടുത്ത കോലിയുടെ റണ്‍നേട്ടം 25 മത്സരങ്ങളില്‍ നിന്ന് 1065 ആയി. 2012-ലാണ് കോലി ആദ്യമായി ടി20 ലോകകപ്പില്‍ കളിക്കുന്നത്. ഇതിനോടകം 13 അര്‍ധ സെഞ്ചുറികളും കോലി നേടിയിട്ടുണ്ട്. 2016-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ നേടിയ 89 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 904 റൺസുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയും നേട്ടത്തിലെത്താൻ തൊട്ടുപിന്നിലുണ്ട്.
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തിൽ ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ സെമി ഫൈനലിന് തൊട്ടരികെയെത്തി. മഴ കളിമുടക്കിയ മത്സരത്തില്‍ തകര്‍പ്പന്‍ തുടക്കമിട്ട ബംഗ്ലാദേശിനെതിരേ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ചു റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം.






































