ബട്ലർ മിന്നി; ന്യൂസീലൻഡിന് മുന്നിൽ 180 റൺസ് വിജയലക്ഷ്യം.!
ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 180 റൺസ് വിജയലക്ഷ്യം. ക്യാപ്റ്റൻ ജോസ് ബട്ലറുടെ കരുത്തിലാണ് ഇംഗ്ലണ്ട് 179 എന്ന തരക്കേടില്ലാത്ത സ്കോറിലേക്ക് എത്തിയത്. 47 പന്തുകൾ നേരിട്ട താരം 73 റൺസിൽ നിൽക്കെ റൺഔട്ട് ആവുകയായിരുന്നു. 7 ഫോറുകളും 2 സിക്സറുകളുമാണ് ബട്ലറിൻ്റെ ബാറ്റിൽ നിന്നും പിറന്നത്. ക്യാപ്റ്റനെ കൂടാതെ ഓപ്പണർ അലക്സ് ഹെയിൽസും അർദ്ധശതകം നേടി. 40 പന്തിൽ 7 ഫോറും 1 സിക്സും സഹിതം 52 റൺസാണ് ഹെയിൽസിൻ്റെ സമ്പാദ്യം. ബട്ലറെയും ഹെയിൽസിനെയും കൂടാതെ 14 പന്തിൽ 20 റൺസ് നേടിയ ലിവിങ്സ്റ്റണിന് മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെക്കാനായത്. ബാക്കിയുള്ളവർക്കാർക്കും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതിരുന്നത് ഒരു കൂറ്റൻ സ്കോർ നേടുന്നതിൽ നിന്നും ടീമിനെ തടഞ്ഞു. ഒന്നാം വിക്കറ്റിൽ ബട്ലറും ഹെയിൽസും ചേർന്ന് നേടിയ 81 റൺസ് പാർട്ണർഷിപ്പാണ് ഇംഗ്ലണ്ട് നിരയിലെ ഏറ്റവും വലിയ കൂട്ടുകെട്ട്. 4 ഓവറിൽ 45 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ലോക്കീ ഫെർഗൂസണാണ് ന്യൂസീലൻഡിനായി കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്. സൗത്തീ, സാൻ്റ്നർ, സോധി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.