അഫ്ഗാനെ 6 വിക്കറ്റിന് കീഴടക്കി ശ്രീലങ്ക.!
ഓസ്ട്രേലിയയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്ക് 6 വിക്കറ്റ് വിജയം. ബ്രിസ്ബനിലെ ഗാബ്ബ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അവർക്ക് വേണ്ടി റഹ്മാനുള്ള ഗുർബാസും 28 (24), ഉസ്മാൻ ഖാനിയും 27 (27) ചേർന്ന് തരക്കേടില്ലാത്ത തുടക്കമാണ് നൽകിയത്. എന്നാൽ അഫ്ഗാൻ സ്കോർ 42ൽ നിൽക്കെ പവർപ്ലേയ്ക്ക് ശേഷമുള്ള ആദ്യ ബോളിൽ തന്നെ ഗുർബാസിനെ മടക്കിക്കൊണ്ട് ലാഹിരു കുമാര ലങ്കയ്ക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നീട് വന്ന ഇബ്രാഹിം സാദ്രാനും 22 (18) ഉസ്മാനും ചേർന്ന് അഫ്ഗാനെ മുന്നോട്ട് നയിച്ചെങ്കിലും സ്കോർ 68 ആയപ്പോഴേക്കും ഉസ്മാനും പുറത്തായി. പിന്നീട് വന്നവർക്കാർക്കും മികച്ചൊരു ഇന്നിംഗ്സ് പടുത്തുയർത്തുവാൻ സാധിച്ചില്ല. അങ്ങനെ അഫ്ഗാൻ്റെ പോരാട്ടം 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 144 എന്ന നിലയിൽ അവസാനിച്ചു. 4 ഓവറിൽ നിന്നും 13 റൺസ് വഴങ്ങി 3 വിക്കറ്റ് നേടിയ വാണീന്ദു ഹസരംഗയാണ് അഫ്ഗാൻ്റെ അടിത്തറയിളക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. 2 വിക്കറ്റ് നേടിയ ലാഹിരു കുമാരയും മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്ക സ്കോർബോർഡിൽ 12 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. മുജീബ് ആണ് 10 റൺസുമായി നിന്ന പാത്തും നിസങ്കയുടെ കുറ്റിയിളക്കിയത്. എന്നാൽ പിന്നീട് വന്ന ധനഞ്ജയ ഡി സിൽവ ലങ്കയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 42 ബോളുകൾ നേരിട്ട താരം 66 റൺസുമായി പുറത്താകാതെ നിന്നു. താരത്തിൻ്റെ ബാറ്റിൽ നിന്നും 6 ഫോറും 2 സിക്സറുകളും പിറന്നു. 25 റൺസ് നേടിയ കുശാൽ മെൻ്റിസ്, ചരിത് അസലങ്ക (19), രാജപക്ഷ (18) എന്നിവർ ധനഞ്ജയയ്ക്ക് തരക്കേടില്ലാത്ത പിന്തുണ നൽകി. അതോടെ 18.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ലങ്കയ്ക്ക് വിജയലക്ഷ്യം മറികടക്കാൻ കഴിഞ്ഞു. അഫ്ഗാന് വേണ്ടി മുജീബ്, റഷീദ് ഖാൻ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.
ഈയൊരു വിജയത്തോടെ 4 കളികളിൽ നിന്നും 4 പോയിൻ്റുമായി ശ്രീലങ്ക 3ആം സ്ഥാനത്തേക്ക് കയറി. 2 പോയിൻ്റ് മാത്രം കൈവശമുള്ള അഫ്ഗാൻ അവസാന സ്ഥാനത്താണ്.ഇതോടെ അഫ്ഗാൻ ലോകകപ്പ് സെമി കാണാതെ പുറത്തായി.