മില്ലർ തിളങ്ങി, സൂപ്പര്‍-12ല്‍ ദക്ഷിണാഫ്രിക്കയോട് തോറ്റ് ഇന്ത്യ
ട്വന്‍റി 20 ലോകകപ്പിലെ സൂപ്പര്‍-12ല്‍ ടീം ഇന്ത്യക്ക് ആദ്യ തോല്‍വി. കില്ലര്‍ മില്ലറുടെയും എയ്‌ഡന്‍ മാര്‍ക്രമിന്‍റേയും ബാറ്റിംഗ് കരുത്തില്‍ ഇന്ത്യയെ അഞ്ച് വിക്കറ്റിന് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെടുത്തി പ്രോട്ടീസ് നേടി. മില്ലര്‍ 46 പന്തില്‍ 59 റണ്‍സുമായി പുറത്താകാതെനിന്നു.
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം നാലാം വിക്കറ്റില്‍ ഒന്നിച്ച ഏയ്ഡന്‍ മാര്‍ക്രം – ഡേവിഡ് മില്ലര്‍ കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. അര്‍ധ സെഞ്ചുറി നേടിയ ഇരുവരുമാണ് മോശം തുടക്കത്തില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് ട്രാക്കിലാക്കിയത്. ഇന്ത്യയുടെ മോശം ഫീല്‍ഡിങ്ങും ദക്ഷിണാഫ്രിക്കയയെ തുണച്ചു. ഇന്ത്യയുടെ പരാജയത്തോടെ പാകിസ്താന്റെ സെമി സാധ്യത കൂടുതല്‍ അനിശ്ചിതത്വത്തിലായി.
46 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറുമടക്കം 59 റണ്‍സോടെ പുറത്താകാതെ നിന്ന മില്ലറാണ് അവരുടെ ടോപ് സ്‌കോറര്‍. 41 പന്തുകള്‍ നേരിട്ട മാര്‍ക്രം ഒരു സിക്‌സും ആറ് ഫോറുമടക്കം 52 റണ്‍സെടുത്തു. നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 133 റണ്‍സ് മാത്രം. പെര്‍ത്ത് പിച്ചില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ മുന്‍നിര തകര്‍ന്നപ്പോള്‍ ഒറ്റയ്ക്ക് പോരാടിയ സൂര്യകുമാര്‍ യാദവിന്റെ പ്രകടനമാണ് ഇന്ത്യയെ 133-ല്‍ എത്തിച്ചത്.