ഇന്ത്യയെ തോളിലേറ്റി സൂര്യകുമാർ, ദക്ഷിണാഫ്രിക്കക്ക് 134 റൺസ് വിജയലക്ഷ്യം
ട്വന്‍റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡിയുടെ 4 വിക്കറ്റ് നേട്ടത്തിനിടയിലും ടീം ഇന്ത്യയെ ഒറ്റയ്ക്ക് തോളിലേറ്റി പെര്‍ത്തില്‍ സൂര്യകുമാര്‍ യാദവ് വെടിക്കെട്ട്. 40 പന്തില്‍ 68 റണ്‍സെടുത്ത സൂര്യ ഇന്ത്യയെ 20 ഓവറില്‍ 133-9 എന്ന സ്കോറിലെത്തിച്ചു.
ഒരവസരത്തില്‍ 49 റണ്‍സിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ ടീമിനെയാണ് സ്കൈ ഒറ്റയ്ക്ക് പടനയിച്ചത്. നാല് ഓവറില്‍ എന്‍ഗിഡി 29 റണ്‍സിന് നാല് പേരെ പുറത്താക്കുകയായിരുന്നു. മറ്റൊരു പേസര്‍ വെയ്‌ന്‍ പാര്‍നല്‍ വെറും 15 റണ്ണിന് മൂന്ന് വിക്കറ്റ് നേടിയതും പെര്‍ത്തില്‍ ശ്രദ്ധേയമായി. 40 പന്തുകള്‍ നേരിട്ട സൂര്യ മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്തു.
എന്‍ഗിഡിയുടെ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് ശര്‍മ്മയും (15), ആറാം പന്തില്‍ കെഎല്‍ രാഹുലും (9) പുറത്തായി. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി (12) റബാഡയുടെ ക്യാച്ചില്‍ വീണു. തൊട്ടടുത്ത ഓവറില്‍ ആന്‍റിച് നോര്‍ക്യ, ദീപക് ഹൂഡയെ (0) പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ഡികോക്കിനായിരുന്നു ക്യാച്ച്.
തന്‍റെ മൂന്നാം ഓവറില്‍, എന്‍ഗിഡി ഹാര്‍ദിക് പാണ്ഡ്യയേയും(3 പന്തില്‍ 2) പറഞ്ഞയച്ചു. പിന്നാലെ ക്രീസില്‍ ഒന്നിച്ച സൂര്യകുമാര്‍ – ദിനേഷ് കാര്‍ത്തിക്ക് സഖ്യം 52 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ 100 കടത്തി.