സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സിംബാബ്‌വേയെ മൂന്ന് റണ്‍സിന് കീഴടക്കി ബംഗ്ലാദേശ്. ജയത്തോടെ സെമി പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞു. വിജയലക്ഷ്യമായ 151 റണ്‍സ് പിന്തുടര്‍ന്ന ആഫ്രിക്കന്‍ ടീമിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ.
നാടകീയ നിമിഷങ്ങള്‍ക്കാണ് ഗാബ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ബംഗ്ലാദേശ് താരം ടാസ്‌കിന്‍ അഹമ്മദാണ് കളിയിലെ താരം. സിംബാബ്‌വെയുടെ ടോപ് സ്‌കോററായ സീന്‍ വില്യംസ് (64) 19-ാം ഓവറില്‍ റണ്ണൗട്ടായത് സിംബാബ്‌വെയ്ക്ക് തിരിച്ചടിയായി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന സികന്ദര്‍ റാസ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ തിളങ്ങാതെ മടങ്ങിയപ്പോള്‍ ഒരവസരത്തില്‍ ആറ് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലായിരുന്നു സിംബാബ്‌വേ.
നേരത്തെ, ബ്രിസ്‌ബേനില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് നജ്മുല്‍ ഹുസൈന്‍ ഷാന്റോയുടെ (55 പന്തില്‍ 71) ഇന്നിംഗ്‌സാണ് തുണയായത്. ഏഴ് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. രണ്ട് വിക്കറ്റ് വീതം നേടിയ റിച്ചാര്‍ഡ് ഗവാര, ബ്ലെസിംഗ് മുസറബാനി എന്നിവരാണ് ബംഗ്ലാദേശിനെ ഭേദപ്പെട്ട സ്‌കോറില്‍ ഒതുക്കിയത്.