ടി20 ലോകകപ്പ്; മൂന്നാം പോരാട്ടത്തിന് ടീം ഇന്ത്യ, എതിരാളികൾ ശക്തരായ ദക്ഷിണാഫ്രിക്ക
ടി20 ലോകകപ്പിലെ സൂപ്പർ സണ്ടേ പോരാട്ടത്തിൽ ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിച്ചാണ് ഇന്ത്യ മൂന്നാം മത്സരത്തിന് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയെ കീഴടക്കിയാൽ രോഹിത് ശർമ്മയ്ക്കും സംഘത്തിനും സെമിഫൈനൽ ഏറെക്കുറെ ഉറപ്പാക്കാം. എന്നാൽ എതിരാളികൾ നിസാരക്കാരല്ലെന്നതാണ് ഉറക്കംകെടുത്തുന്ന കാര്യം.
രണ്ട് കളിയിൽ നാല് പോയിന്‍റുള്ള ഇന്ത്യയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്‍റുള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. ബംഗ്ലാദേശും സിംബാബ്‌വേയുമാണ് ഗ്രൂപ്പിൽ ഇന്ത്യയുടെ ഇനിയുള്ള മറ്റ് എതിരാളികൾ. ആയതിനാൽ നാളത്തെ മത്സരം ജയിച്ചാൽ സെമി ഫൈനൽ ഏതാണ്ട് ഇന്ത്യക്ക് ഉറപ്പിക്കാം.
സൂപ്പര്‍-12ലെ ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ പാകിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പിച്ച ഇന്ത്യ രണ്ടാം കളിയില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ 56 റണ്‍സിന്‍റെ ആധികാരിക ജയം നേടിയിരുന്നു. അതേസമയം മറുവശത്ത് പ്രോട്ടീസ് കിടിലൻ ഫോമിലാണ്. മുൻ ലോകകപ്പുകളിൽ നിർഭാഗ്യം പലതവണ വിനയായ ദക്ഷിണാഫ്രിക്കയ്ക്ക് സിംബാബ്‌വെക്കെതിരായ ആദ്യ മത്സരത്തിലെ മഴ കനത്ത ആഘാതം നല്‍കി. പാകിസ്ഥാനെതിരായ അടുത്ത മത്സരവും ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകമാണ്.