ഫിലിപ്‌സിന് സെഞ്ചുറി, ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 168 റൺസ് വിജയലക്ഷ്യം
ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ കരുത്തരായ ന്യൂസിലന്‍ഡിനെതിരേ ശ്രീലങ്കയ്ക്ക് 168 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. ഒറ്റയ്ക്ക് നിന്ന് പൊരുതി സെഞ്ചുറി നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് കിവീസിന് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഫിലിപ്‌സ് 104 റണ്‍സാണ് അടിച്ചെടുത്തത്.
നിര്‍ണായക ജയം വേണ്ട മത്സരത്തില്‍ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് പ്രഹരം നല്‍കിയാണ് ലങ്ക തുടങ്ങിയത്. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ മഹീഷ് തീഷ്‌ണ, ഫിന്‍ അലനെ(3 പന്തില്‍ 1) ബൗള്‍ഡാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ സഹഓപ്പണര്‍ ദേവോണ്‍ കോണ്‍വേയെയും (4) ലങ്ക വീഴ്‌ത്തി. ധനഞ്ജയ ഡിസില്‍വയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറില്‍ നായകന്‍ കെയ്‌ന്‍ വില്യംസണും (8) വീണു. കാസുന്‍ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. ഇതോടെ 3.6 ഓവറില്‍ മൂന്ന് വിക്കറ്റിന് 15 റണ്‍സ് എന്ന നിലയില്‍ കിവികള്‍ പരുങ്ങി.
എന്നാല്‍ നാലാമനായി ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് ഡാരില്‍ മിച്ചലിനെ കൂട്ടിപിടിച്ച് ഇന്നിങ്‌സ് മുന്നോട്ട് നയിച്ചു. 10 ഓവറില്‍ ന്യൂസിലന്‍ഡ് സ്കോര്‍-54/3. വനിന്ദു ഹസരങ്ക, മിച്ചലിനെ (24 പന്തില്‍ 22) പുറത്താക്കുമ്പോള്‍ കിവീസ് 99ലെത്തി. ഫിലിപ്‌സ് 61 സെഞ്ചുറി തികച്ചതോടെ ന്യൂസിലന്‍ഡ് സ്കോര്‍ 150 കടന്നു. അവസാന ഓവറിലെ നാലാം പന്തില്‍ ഫിലിപ്‌സ് പുറത്തായി.
ശ്രീലങ്കയ്ക്കായി കസുന്‍ രജിത നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി രണ്ടുവിക്കറ്റെടുത്തു. മഹീഷ് തീക്ഷണ, ധനഞ്ജയ ഡി സില്‍വ, വാനിന്ദു ഹസരംഗ, ലാഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.






































