ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവുമായി കപിൽ ദേവ്
ടി20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കണ്ടെത്തിയെങ്കിലും ഇന്ത്യന്‍ ടീമിന്‍റെ ബൗളിംഗ് മെച്ചപ്പെടാനുണ്ടെന്ന അഭിപ്രായവുമായി ഇതിഹാസ താരം കപില്‍ ദേവ് രംഗത്ത്. ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെട്ടിട്ടുണ്ട്. ബാറ്റിംഗില്‍ കൂടുതല്‍ റണ്‍സ് നേടാനാകുമെന്ന് തോന്നി. അവസാന 10 ഓവറുകളില്‍ 100 റണ്‍സിലധികം ഇന്ത്യ നേടി. വലിയ ഗ്രൗണ്ടുകളായതിനാല്‍ ലോകകപ്പില്‍ സ്പിന്നർമാർക്ക് ചെറിയ മുന്‍തൂക്കം ലഭിക്കേണ്ടതാണ്. ഇന്ത്യയുടെ ബൗളിംഗില്‍ ഇപ്പോഴും നികത്തലുകള്‍ വരുത്താനുണ്ട് എന്നാണ് വിശ്വാസമെന്നും മുൻ നായകൻ കൂട്ടിച്ചേർത്തു.
അതേസമയം സൂര്യകുമാർ യാദവിനെയും കപിൽ പ്രശംസിച്ചു. ടീമില്‍ തന്‍റെ അവസരങ്ങള്‍ നന്നായി പ്രയോജനപ്പെടുത്തുകയാണ് സൂര്യ. വേഗത്തില്‍ സ്കോർ നേടുന്നതിനാല്‍ പ്രശംസിക്കപ്പെടണം. കെഎല്‍ രാഹുല്‍ കൂടുതല്‍ റണ്‍സ് നേടാന്‍ തയാറാവണം. ഇന്നിംഗ്സ് കെട്ടിപ്പെടുക്കേണ്ട ചുമതല ബാറ്റിംഗിന്‍റെ ഗിയർ മാറ്റാന്‍ കഴിവുള്ള വിരാട് കോലിക്കാണ്. കോലി 20 ഓവറും ബാറ്റ് ചെയ്താല്‍ ഏത് ടോട്ടലും ഇന്ത്യക്ക് പിന്തുടർന്ന് ജയിക്കാം. സൂര്യകുമാറിനെ പോലൊരു പ്രതിഭയെ അടുത്തകാലത്ത് നമ്മള്‍ കണ്ടെത്തിയിട്ടില്ല എന്നും കപില്‍ ദേവ് കൂട്ടിച്ചേർത്തു.