ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു
ട്വന്‍റി 20 ലോകകപ്പില്‍ അഫ്‍ഗാനിസ്ഥാന്‍-അയർലന്‍ഡ് മത്സരത്തിന് പിന്നാലെ ഇംഗ്ലണ്ട്-ഓസ്ട്രേലിയ സൂപ്പർ-12 പോരാട്ടവും മഴമൂലം ഉപേക്ഷിച്ചു. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ മഴ തോരാന്‍ ഏറെനേരം കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. ടോസ് പോലുമിടാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ടീമുകള്‍ പോയിന്‍റ് പങ്കിട്ടു.
മെല്‍ബണിലെ ഔട്ട്ഫീല്‍ഡ് കനത്ത മഴയില്‍ കുതിർന്നിരുന്നു. മാച്ച് റഫറിയും അംപയർമാരും പലതവണ മൈതാനത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ സമയം 1.30-ന് തുടങ്ങേണ്ടിയിരുന്ന മത്സരത്തിന്റെ ടോസ് മഴ കാരണം വൈകിയിരുന്നു. പിന്നാലെ ഔട്ട്ഫീല്‍ഡിലെ നനവും വിനയായി. മത്സരം ഉപേക്ഷിച്ചതോടെ ഇരു ടീമും പോയിന്റ് പങ്കുവെച്ചു.
ഇത്തവണത്തെ ലോകകപ്പില്‍ മഴ കാരണം ഉപേക്ഷിക്കപ്പെടുന്ന നാലാമത്തെ മത്സരമാണിത്. ഗ്രൂപ്പ് ഒന്നില്‍ ഇതോടെ ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് മൂന്ന് പോയന്റ് വീതമായി. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസീലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും ഓസ്‌ട്രേലിയ, അയര്‍ലന്‍ഡിനു പിന്നില്‍ നാലാം സ്ഥാനത്തുമാണ്.