ഗെയ്‌ലിനെ മറികടന്നു, ഈ നേട്ടത്തിൽ വിരാട് കോലി ഇനി രണ്ടാമൻ
ടി20 ലോകകപ്പിലെ മികച്ച ഫോം തുടരുന്ന സൂപ്പർ താരം വിരാട് കോലി നെതർലൻഡ്സിനെതിരായ മത്സരം പൂർത്തിയാക്കിയത് പുതിയൊരു റെക്കോർഡുമായി. ലോകകപ്പില്‍ ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നായി 144 റണ്‍സ് കോലി നേടിയിട്ടുണ്ട്. ഇതോടെ ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോലി രണ്ടാം സ്ഥാനത്തേക്കുയര്‍ന്നതാണ് ആ നേട്ടം.
ലോകകപ്പിലെ 23 മത്സരങ്ങളില്‍ നിന്ന് 989 റണ്‍സാണ് ഇപ്പോള്‍ കോലിയുടെ അക്കൗണ്ടിലുള്ളത്. 33 മത്സരങ്ങളില്‍ നിന്ന് 965 റണ്‍സായിരുന്നു ഗെയ്‌ലിന്റെ നേട്ടം. 31 മത്സരങ്ങളില്‍ നിന്ന് 1016 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനെയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 28 റണ്‍സ് കൂടി നേടിയാല്‍ കോലിക്ക് ജയവര്‍ധനെയെ മറികടക്കാം. ട്വന്റി 20 ലോകകപ്പില്‍ 89.90 ശരാശരിയിലാണ് കോലിയുടെ ബാറ്റിങ്.
പാകിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പുറത്തെടുത്ത അതേ മികവാണ് താരം നെതർലന്‍ഡ്‌സിനെതിരായ രണ്ടാം മത്സരത്തിലും കാഴ്ച്ചവെച്ചത്. ലോകകപ്പില്‍ ഇതുവരെ രണ്ടു മത്സരങ്ങളില്‍ നിന്നായി 144 റണ്‍സ് കോലി നേടിയിട്ടുണ്ട്. പാകിസ്ഥാനെതിരേ 53 പന്തില്‍ നിന്ന് 82 റണ്‍സടിച്ച് ഇന്ത്യയെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ച കോലി നെതര്‍ലന്‍ഡ്‌സിനെതിരേ 44 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും മൂന്ന് ബൗണ്ടറിയുമടക്കം 62 റണ്‍സെടുത്തു.