സിക്‌സറടിയിൽ യുവിരാജിനെയും പിന്നിലാക്കി രോഹിത്തിന്റെ മുന്നേറ്റം, റെക്കോർഡ്
ട്വന്റി 20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത മത്സരത്തില്‍ റെക്കോഡ് നേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ നേടിയ രോഹിത്, ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി. 33 സിക്‌സറുകള്‍ നേടിയ യുവ്‌രാജ് സിങ്ങിന്റെ റെക്കോഡാണ് രോഹിത് മറികടന്നത്.
39 പന്തില്‍ മൂന്ന് സിക്സും നാലു ഫോറും പറത്തി 53 റണ്‍സാണ് ഇന്ത്യൻ നായകൻ മത്സരത്തിൽ നേടിയത്. പത്താം ഓവറില്‍ ബാസ് ഡി ലീഡിനെതിരെ സിക്സര്‍ നേടിയതോടെ ടി20 ലോകകപ്പില്‍ രോഹിത് നേടിയ സിക്സുകളുടെ എണ്ണം 34 ആയി.
ആദ്യ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ഒരോവറില്‍ ആറ് സിക്സ് പറത്തി യുവി റെക്കോര്‍ഡിട്ടിരുന്നു. 24 സിക്സുകള്‍ നേടിയിട്ടുള്ള വിരാട് കോലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത്. അതേസമയം ലോകകപ്പിലെ സിക്സര്‍ നേട്ടത്തില്‍ ഒന്നാമൻ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയലാണ്. 63 സിക്സുകളാണ് ഗെയ്‌ലിന്റെ പേരിലുള്ളത്.