നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് സെമി സാധ്യതകള്‍ സജീവമാക്കി ഇന്ത്യ
ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 56 റണ്‍സിന് തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കി. ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ബാറ്റര്‍മാര്‍ക്ക് പിന്നാലെ ബൗളര്‍മാരും ഇന്ത്യയ്ക്കായി തിളങ്ങി. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മുഹമ്മദ് ഷമി ഒരു വിക്കറ്റെടുത്തു. ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ രണ്ട് കളികളില്‍ രണ്ട് ജയത്തോടെ നാലു പോയന്‍റുമായി ഇന്ത്യ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തി.
ഇന്ത്യന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ നെതര്‍ലന്‍ഡ്സിന് അത്ഭുതങ്ങള്‍ ഒന്നും കാട്ടാനായില്ല. ആദ്യ രണ്ടോവര്‍ മെയ്ഡിനാക്കി തുടങ്ങിയ ഭുവനേശ്വര്‍ കുമാര്‍ തന്‍റെ രണ്ടാം ഓവറില്‍ നെതര്‍ലന്‍ഡ്സ് ഓപ്പണര്‍ വിക്രംജീത് സിംഗിനെ (1) ബൗള്‍ഡാക്കി നെതര്‍ലന്‍ഡ്സിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. മാക്സ് ഒഡോഡും (16) ബാസ് ഡി ലീഡും (16) ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും നെതര്‍ലന്‍ഡ്സ് ഇന്നിംഗ്സിന് വേഗമില്ലായിരുന്നു.
ഒടോഡിനെയും ബാസ് ഡി ലീഡിനെയും മടക്കി അക്സറും പൊരുതി നില്‍ക്കാന്‍ ശ്രമിച്ച കോളിന്‍ അക്കര്‍മാനെ അശ്വിനും വീഴ്ത്തിയതോടെ നെതര്‍ലന്‍ഡ്സിന്‍റെ നടുവൊടിഞ്ഞു. വാലറ്റത്ത് ടിം പ്രിംഗിള്‍ നടത്തിയ ചെറുത്തുനില്‍പ്പ് നെതര്‍ലന്‍ഡ്സിന്‍റെ തോല്‍വിഭാരം കുറച്ചുവെന്ന് മാത്രം.